അമ്മയ്ക്ക് ഇന്ന് പിറന്നാള്‍

ശനി, 27 സെപ്‌റ്റംബര്‍ 2008 (14:15 IST)
KBJWD
മാതാ അമൃതാനന്ദമയി ദേവിയുടെ അമ്പത്തിയഞ്ചാം പിറന്നാള്‍ ഇന്ന് ആഘോഷിക്കുന്നു. അമ്മയുടെ അനുഗ്രഹ വര്‍ഷത്തിനായി അമൃതപുരി ഭക്തലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു.

അമൃതവിശ്വവിദ്യാപീഠത്തോടുചേര്‍ന്ന്‌ ഒരുക്കിയ പടുകൂറ്റന്‍ പന്തലില്‍ രണ്ടുലക്ഷം ഭക്തര്‍ക്ക്‌ ഇരിക്കാവുന്ന സൗകര്യമുണ്ട്‌. ബ്രഹ്മചാരി ബാബുവിന്‍റെ നേതൃത്വത്തില്‍ രാജധാനിയുടെ മാതൃകയിലാണ്‌ വേദി ഒരുക്കിയിട്ടുള്ളത്‌. പുലര്‍ച്ചെ അഞ്ച് മണിക്ക് പന്തലിന്‍റെ വലതുവശത്തു തയ്യാറാക്കിയിട്ടുള്ള യജ്ഞവേദിയില്‍ സൂര്യകാലടി ഭട്ടതിരിപ്പാടിന്‍റെ ഗണപതിഹോമത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

തുടര്‍ന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത ലോക സമാധാനത്തിനും ശാന്തിക്കുമായി നടത്തുന്ന ലളിതാസഹസ്രനാമാര്‍ച്ചന നടന്നു. അതിന് ശേഷം സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ സത്‌സംഗം നടന്നു. പതിനൊന്ന് മണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ അമ്മ സംസാരിക്കും.

പരിപാടിയില്‍ കേന്ദ്രമന്ത്രി എസ്.മുനിയപ്പ, സംസ്ഥാന മന്ത്രി സി. ദിവാകരന്‍, കെ.എസ് മനോജ് എം.പി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. 123456 രൂപ സമ്മാനത്തുകയുള്ള അമൃതകീര്‍ത്തിപുരസ്‌കാരം പ്രമുഖ സംസ്‌കൃത പണ്ഡിതനായ പ്രഫ. ആര്‍.വാസുദേവന്‍ പോറ്റിക്ക്‌ 'മാതൃഭൂമി' മാനേജിങ്ങ്‌ ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. സമ്മാനിക്കും.

ആത്മഹത്യചെയ്‌ത കര്‍ഷകരുടെ മക്കള്‍ക്കുള്ള വിദ്യാമൃതം പരിപാടി ഒരുലക്ഷം പേര്‍ക്ക്‌ നല്‌കുന്നതിന്‍റെ പ്രതീകമായി അമ്മയും കേന്ദ്ര മന്ത്രി കെ.എച്ച്‌.മുനിയപ്പയും മന്ത്രി സി.ദിവാകരനും ചേര്‍ന്ന്‌ 270 കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കും. അമ്മയുടെ ജന്മദിനം പ്രമാണിച്ച്‌ തപാല്‍വകുപ്പ്‌ പുറത്തിറക്കുന്ന കവര്‍ പ്രകാശനം ചെയ്യും.

അമൃത വിശ്വവിദ്യാപീഠത്തിലെയും അമൃത വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ബിഹാര്‍ പ്രളയദുരിതാശ്വാസനിധി കുട്ടികള്‍ അമ്മയെ ഏല്‌പിക്കും. തുടര്‍ന്ന്‌ അമ്മയുടെ കാര്‍മികത്വത്തില്‍ സമൂഹവിവാഹം നടക്കും.

മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി, പ്രതിപക്ഷനേതാവ്‌ എല്‍.കെ.അദ്വാനി, ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീല്‍, പ്രതിരോധമന്ത്രി എ.കെ.ആന്‍റണി, കേന്ദ്രമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, വയലാര്‍ രവി, കാര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ, ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി രാജശേഖര്‍ റെഡ്‌ഡി, കേരളാ ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അമ്മയ്‌ക്ക്‌ ജന്മദിനാശംസകള്‍ നേര്‍ന്നു.

2007 : പ്രേമവര്‍ഷവുമായി അമൃതാനന്ദമയി

വെബ്ദുനിയ വായിക്കുക