അമ്മയെ കൊന്ന് കുഴിച്ചുമൂടിയ മകന്‍ അറസ്റ്റില്‍

തിങ്കള്‍, 1 ഏപ്രില്‍ 2013 (13:40 IST)
PRO
PRO
വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. തൊടുപുഴ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ഉപ്പുകുന്ന്‌ തരകനാല്‍ വീട്ടില്‍ പരേതനായ ഭാസ്കരന്റെ മകന്‍ സുധന്‍ (37) ആണ് അറസ്റ്റിലായത്. അമ്മ ആനന്ദവല്ലിയെ(58) ഇയാള്‍ കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു. കുഴിമാടം തിരിച്ചറിയാതിരിക്കാന്‍ മുകളില്‍ ചേമ്പ് നട്ടിരുന്നു. ഇയാള്‍ മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു.

ആനന്ദവല്ലിയെ കുറച്ച് ദിവസമായി കാണാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ മൂത്തമകള്‍ ഷീലയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഷീല വീട്ടിലെത്തിയപ്പോള്‍ സുധന്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു. അമ്മ അവിടെയില്ലെന്നായിരുന്നു സുധന്റെ മറുപടി. വീട്ടിലേക്കു കയറാന്‍ സുധന്‍ സമ്മതിച്ചില്ലത്രേ.

പിന്നീട്സുധന്‍ ഇല്ലാത്ത സമയത്തു ഷീല വീട്ടിലെത്തി പരിശോധിച്ചെങ്കിലും മാതാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് വീടിന് പിറകില്‍ മണ്ണ് നീക്കി ചേമ്പ് നട്ടിരിക്കുന്നതായി കണ്ട ഷീല വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നു കാളിയാര്‍ സിഐ എത്തി പരിശോധിച്ചപ്പോഴാണ്‌ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതായി കണ്ടത്‌. അടുക്കളവാതിലില്‍നിന്നു പുറത്തേക്കിറങ്ങുന്ന സ്ഥലത്താണ്‌ കുഴിയെടുത്തു മൃതദേഹം മണ്ണിട്ടു മൂടിയിരിക്കുന്നത്‌. ആനന്ദവല്ലി, മകന്‍ സുധന്‍ എന്നിവര്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നു പൊലീസ്‌ പറഞ്ഞു.

ജോലിയൊന്നുമില്ലാത്ത സുധന്‍ ദിവസവും മദ്യപിച്ചെത്തി മാതാവുമായി വഴക്കുകൂടാറുണ്ടെന്നും പൊലീസ്‌ പറഞ്ഞു. ഇന്നലെ രാവിലെയും സുധനെ വീട്ടുമുറ്റത്തു കണ്ടവരുണ്ട്‌. ഇയാള്‍ അവിവാഹിതനാണ്‌.

വെബ്ദുനിയ വായിക്കുക