അഭയ കേസില്‍ ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്‍റ് ഡയറക്‌ടര്‍ ഡോ എസ് മാലിനിയെയും, ലാബ് ഡയറക്റ്റര്‍ ബി മോഹനനെയും, ലാബിലെ മുഴുവന്‍ അംഗങ്ങളെയും സി ബി ഐ ഇന്നും നാളെയുമായി ചോദ്യം ചെയ്യും.നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ടില്‍ തിരിമറി കാണിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണു ചോദ്യം ചെയ്യല്‍.
കൂടാതെ,അഭയകേസില്‍ പോലീസ് ഐ ജി ടോമിന്‍ തച്ചങ്കരിയെയും സി ബി ഐ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുന്‍ കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി മൈക്കിളിനെ ചോദ്യം ചെയ്തപ്പോഴാണ് ചില സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ ടോമിന്‍ തച്ചങ്കരിക്കു കഴിയുമെന്ന് സി ബി ഐക്ക് സൂചന കിട്ടിയത്. ഇപ്പോള്‍ തിരുവനന്തപുരത്ത് ഐ ജിയാണ് ടോമിന്‍ തച്ചങ്കരി. അദ്ദേഹത്തിന് ഇതുസംബന്ധിച്ച് നോട്ടീസ് താമസിയാതെ നല്‍കിയേക്കും.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ മെഡിക്കല്‍ ലീഗല്‍ ഉപദേഷ്‌ടാവായിരുന്ന ഡോ ഉമാദത്തനെ ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്തുന്ന റിപ്പോര്‍ട്ട് സി ബി ഐ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. അടുത്ത റിപ്പോര്‍ട്ട് മാര്‍ച്ച് 30 നകം നല്‍കണമെന്ന് ജസ്‌റ്റിസ് സുരേന്ദ്രമോഹനും ജസ്‌റ്റിസ് കെ ബാലകൃഷ്‌ണന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.