അഭയാ കേസ്: റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നു

ചൊവ്വ, 31 മെയ് 2011 (17:03 IST)
PRO
PRO
സിസ്റ്റര്‍ അഭയാ കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. കേസിലെ പരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായി സി ബി ഐ കോടതി കണ്ടെത്തി. രാസപരിശോധനയുടെ വര്‍ക്ക് ബുക്കിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ എട്ട് ഇടത്താണ് തിരുത്തല്‍ നടന്നിരിക്കുന്നതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീത, ചീഫ് അനലിസ്റ്റ് കെ ചിത്ര എന്നിവര്‍ക്ക് കോടതി കുറ്റപത്രം നല്‍കും എന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായി തെളിഞ്ഞതോടെ അഭയാ കേസില്‍ കോടതി സ്വമേധയാ കേസ് എടുത്തിരിക്കുകയാണ്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പുരുഷബീജം കണ്ടെത്തിയെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ഇത് തിരുത്തി ‘നോട്ട് ഡിറ്റക്ടഡ്’ എന്നാക്കി മാറ്റിയിട്ടുണ്ട്. മറ്റ് പലയിടുത്തും തിരുത്തിയതിന്റെയും ചുരണ്ടി മായ്ച്ചതിന്റെ പാടുകള്‍ കോടതി കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതൊന്നും മന:പൂര്‍വ്വമല്ല എന്നായിരുന്നു ആര്‍ ഗീത, കെ ചിത്രയും കോടതിയെ ബോധിപ്പിച്ചിരുന്നത്. ആര്‍ ഗീത ഇപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ച് കഴിഞ്ഞു. കെ ചിത്രയ്ക്കാകട്ടെ ജോയിന്റ് കെമിക്കല്‍ എക്സാമിനര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക