അഭയകേസില്‍ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന്‍റെ റിപ്പോര്‍ട്ട് ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബില്‍ നിന്ന് സി ബി ഐ പിടിച്ചെടുത്തു. അതേസമയം, പരിശോധനയുടെ ദൃശ്യങ്ങളടങ്ങിയ യഥാര്‍ത്ഥ ടേപ്പ് കണ്ടെത്താന്‍ സി ബി ഐക്ക് ഇതുവരെ സാധിച്ചിട്ടില്ല.
നാര്‍ക്കോ പരിശോധന്യ്ക്ക് വിധേയമാക്കിയ പ്രതികള്‍ക്ക് അനസ്‌തേഷ്യ നല്‍കിയ ഡോക്‌ടര്‍ മൂര്‍ത്തിയെയും സി ബി ഐ സംഘം ഇന്ന് ചോദ്യം ചെയ്തു. പരിശോധനയുടെ ഇടവേളകളില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
സയന്‍റിഫിക് അസിസ്‌റ്റന്‍റ് ക്യഷ്ണവേണിയെയും സി ബി ഐ ചോദ്യം ചെയ്തു. ലാബ് മുന്‍ അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ഡോ മാലിനിക്ക് ഒപ്പം പരിശോധനാവേളയില്‍ കൃഷ്ണവേണിയും ഉണ്‌ടായിരുന്നു. എന്നാല്‍, ടേപ്പിലെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് കൃഷ്ണവേണി മൊഴി നല്‍കിയത്.
ഫോറന്‍സിക് ലാബ് ഡയറക്‌ടര്‍ ഡോ മാലിനിയെ സി ബി ഐ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഹൈദരാബാദിലായിരുന്ന ഇവര്‍ പ്രത്യേക നിര്‍ദേശപ്രകാരമാണ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായത്.