വി ശിവന്‍കുട്ടിക്ക് സ്പീക്കറുടെ താക്കീത്. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമെത്തി രോഷാകുലനായി സംസാരിച്ചതിനാണ് ശിവന്‍കുട്ടിയെ സ്പീക്കര്‍ താക്കീത് ചെയ്തത്. ധനമന്ത്രി കെ എം മാണി നടത്തിയ ബജറ്റ് മറുപടി പ്രസംഗത്തിനിടെയായിരുന്നു പ്രതിപക്ഷ അംഗങ്ങളോടൊപ്പം ശിവന്‍കുട്ടിയും രോക്ഷാകുലനായത്. തുടര്‍ന്ന് സ്പീക്കറുടെ ചെയറിനടുത്തെത്തി ആക്രോശിക്കുകയായിരുന്നു.
ബജറ്റിന്റെ മറുപടി പ്രസംഗത്തിലും പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളെ ധനമന്ത്രി തഴഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. എന്നാല്‍ നാല് കിന്‍ഫ്ര പാര്‍ക്കുകള്‍ പ്രഖ്യാപിച്ചത് പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലത്തിലാണെന്നും കെഎസ്‌ആര്‍ടിസിക്ക് കൂടുതല്‍ സഹായം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വലിയ ആവശ്യമെന്നും അതും താന്‍ നിറവേറ്റിയതായും മന്ത്രി പറഞ്ഞു.
ഇതോടെ പ്രതിപക്ഷ ബഹളം പരിധി വിടുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളെ വിവേചനത്തോടെയാണ് മന്ത്രി കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു.
ഭരണമുന്നണിയില്‍ എംഎല്‍എമാരെ പിടിച്ചുനിര്‍ത്താന്‍ വേണ്ടിയുള്ളതാണ് മന്ത്രിയുടെ മറുപടി പ്രസംഗമെന്നും കേരളത്തിന് പൊതുവായി വേണ്ടതൊന്നും മറുപടി പ്രസംഗത്തിലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.