അട്ടിമറി ആരോപണം: പ്രതിപക്ഷം ഇറങ്ങിപ്പോയി

ബുധന്‍, 30 ജൂണ്‍ 2010 (11:43 IST)
PRO
അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പിന്തുണയോടെ തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

വിഷയത്തില്‍ പ്രതിപക്ഷത്തുനിന്ന്‌ കെ ബാബു എം എല്‍ എ ആയിരുന്നു അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്. സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ബാബു എം എല്‍ എ ആരോപിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ്‌ വിഭജനം ഇന്ന്‌ പൂര്‍ത്തിയാക്കുമെന്നും വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ നടത്തപ്പെടുന്ന ഈ മായാജാലം എങ്ങനെയാണെന്നറിയില്ലെന്ന്‌ ബാബു പരിഹസിച്ചു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ ഉണ്‌ടാക്കിക്കൊടുക്കുന്ന വോട്ടര്‍ പട്ടികയായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ ആരോപണം ഉന്നയിക്കുന്നത്‌ മര്യാദയല്ലെന്ന്‌ തദ്ദേശഭരണ വകുപ്പിനുവേണ്‌ടി ധനമന്ത്രി ടി എം തോമസ്‌ ഐസക്ക്‌ മറുപടി നല്കി. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇത്ല് പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക