അടൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് ബലാത്‌സംഗം ചെയ്തു

ശനി, 12 ഡിസം‌ബര്‍ 2015 (13:00 IST)
അടൂരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. എട്ടുപേരടങ്ങുന്ന സംഘം ഈ മാസം നാല്, അഞ്ച് തീയതികളിലാണ് കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശികളായ വിഷ്ണു, ഹരിലാല്‍, കണ്ണന്‍ എന്നിവര്‍ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടുപേര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
 
ഈ പെണ്‍കുട്ടികളുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നാണ് വിവരം. കുട്ടികളെ ഇവര്‍ നാലാം തീയതി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പേര്‍ ചേര്‍ന്ന് അഞ്ചാം തീയതിയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി.
 
ഈ വിവരം കുട്ടികളില്‍ നിന്ന് അറിഞ്ഞ അധ്യാപകര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളും പരാതി നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക