അടുത്ത നിയമസഭാ സമ്മേളനം ജനുവരി മൂന്നിന്‌

വ്യാഴം, 7 നവം‌ബര്‍ 2013 (10:49 IST)
PRO
സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനം 2014 ജനുവരി മൂന്നിന്‌ ആരംഭിക്കും. പതിനേഴിന്‌ അവസാനിക്കുന്ന സമ്മേളനത്തില്‍ ഇക്കൊല്ലത്തെ ബജറ്റ് ജനുവരി പത്താം തീയതി അവതരിപ്പിക്കും.

ജനുവരിയില്‍ നിയമസഭാ സമ്മേളനം തുടങ്ങാന്‍ മന്ത്രിസഭ അനൌപചാരികമായി തീരുമാനമെടുത്തു. സ്പീക്കറുമായി ആലോചിച്ചാവും അന്തിമ തീരുമാനം എടുക്കുന്നത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു മുമ്പായി ബജറ്റ് അവതരിപ്പിക്കുക എന്ന ലക്‍ഷ്യമാണ് ഇതിനു പിന്നില്‍. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ്‌ സമ്മേളനത്തിനു തുടക്കമിടുക. ജനുവരി 6, 7, 8 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച നടക്കും.

സമ്മേളനത്തില്‍ മാര്‍ച്ച് 31 വരെയുള്ള സപ്ളിമെന്‍ററി ഡിമാന്‍ഡ്സ് ജനുവരി 9 ന്‌ അവതരിപ്പിക്കും. ബജറ്റ് സംബന്ധിച്ച പൊതുചര്‍ച്ച 13, 15, 16 തീയതികളില്‍ നടക്കും. സഭ പിരിയുന്ന പതിനേഴാം തീയതി അനൌപചാരിക കാര്യങ്ങള്‍ പരിഗണിക്കും എന്നുമറിയുന്നു.

വെബ്ദുനിയ വായിക്കുക