അടഞ്ഞുകിടക്കുന്ന ബാറുകള്‍ക്ക് വേണ്ടിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്: സുധീരന്‍

വ്യാഴം, 14 ഓഗസ്റ്റ് 2014 (21:06 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. അടഞ്ഞുകിടക്കുന്ന ബാറുകള്‍ക്ക് വേണ്ടിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് സുധീരന്‍ പറഞ്ഞു. നാടിനും നാട്ടുകാര്‍ക്കും ഗുണകരമായ തീരുമാനമെടുക്കുന്നതാണ് പ്രായോഗികതയെന്ന്, മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെതിരെ പരോക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു സുധീരന്‍.

418 ബാറുകള്‍ അടഞ്ഞുകിടക്കണമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. ജനങ്ങളുടെ വികാരമാണ് കെ പി സി സിയുടെ വികാരം. കെ പി സി സി അധ്യക്ഷന്‍ പറയുന്നത് കെ പി സി സിയുടെ അഭിപ്രായമാണ്, വ്യക്തിപരമായ അഭിപ്രായമല്ല. തുറന്നുപ്രവര്‍ത്തിക്കുന്ന ബാറുകളും ഘട്ടം ഘട്ടമായി പൂട്ടണമെന്നാണ് പാര്‍ട്ടി നിലപാടെന്നും സുധീരന്‍ പറഞ്ഞു.

ബാറുകളുടെ നിലവാരമുയര്‍ത്തി ജനങ്ങളെ കുടിപ്പിക്കുകയല്ല വേണ്ടത്. ബാര്‍ വിഷയത്തില്‍ ആരുമായും തര്‍ക്കത്തിനില്ല. ബാറുകാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നീക്കം നടക്കുന്നത് ദൌര്‍ഭാഗ്യകരമാണ്. ബാറുകള്‍ പൂട്ടിക്കിടക്കുന്നതുമൂലം കേരളത്തിലെ സാമൂഹികാന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ മദ്യ ഉപഭോഗത്തിന്‍റെ കണക്കുപറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് - സുധീരന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ അംഗീകരിച്ച നയമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറയേണ്ടത്. കോടതി വിധി ചോദിച്ചുവാങ്ങാന്‍ ശ്രമിക്കരുത് - സുധീരന്‍ വിമര്‍ശിച്ചു.

വെബ്ദുനിയ വായിക്കുക