അഞ്ചാം മന്ത്രിയില്ലെങ്കില്‍ ലീഗ് മന്ത്രിമാരെ പിന്‍‌വലിക്കും?

തിങ്കള്‍, 26 മാര്‍ച്ച് 2012 (12:47 IST)
PRO
PRO
അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചില്ലെങ്കില്‍ ഇപ്പോഴുള്ള മന്ത്രിമാരെയും പിന്‍‌വലിക്കുമെന്ന് മുസ്ലിം‌ലീഗ് ഭീഷണി മുഴക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം യുഡി‌എഫ് നേതൃത്വത്തെ അറിയിക്കാന്‍ മുസ്ലിം‌ലീഗ് പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മാധ്യമം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു ഡി എഫിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ തന്നെയാണ് മുസ്ലീം‌ലീഗിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

അനൂപ് ജേക്കബിനെ മന്ത്രിയാക്കുമ്പോള്‍ മഞ്ഞാളാകുഴി അലിയെയും മന്ത്രിയാക്കണമെന്ന് തങ്ങള്‍ യു‌ഡി‌എഫിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അലിയെ മന്ത്രിയാക്കിയില്ലെങ്കില്‍ ഇപ്പോഴുള്ള നാല് മന്ത്രിമാരെയും പിന്‍‌വലിക്കാനാണ് തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അലിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വസതിക്കു മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനത്തിനായി ഏറ്റുമുട്ടലിനില്ലെന്നാണ് മന്ത്രി മുനീര്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക