അച്ഛന് മാനുഷിക പരിഗണന നല്‍കൂ

വെള്ളി, 22 ജൂലൈ 2011 (15:17 IST)
അപൂര്‍വ രോഗം ബാധിച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക്‌ സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കാന്‍ തയ്യാറാകണമെന്ന് അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഒരു മന്ത്രിയെന്ന നിലയിലല്ല, മകനായാണ് താന്‍ ഈ അപേക്ഷ നടത്തുന്നതെന്നും ഗണേഷ്‌കുമാര്‍ കൊച്ചിയില്‍ വ്യക്തമാക്കി.

അച്ഛന് ആഹാരക്രമീകരണവും വിശ്രമവുമാണ്‌ ആവശ്യം. മരുന്നുകള്‍ കൊണ്ട് മാത്രം ഭേദപ്പെടുത്താവുന്ന രോഗമല്ല അത്. ഇരുമ്പിന്റെ സാന്നിധ്യമുള്ള പ്ലേറ്റുകളില്‍ ഭക്ഷണം കഴിക്കരുതെന്നുപോലും ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗണേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ള 'ഹെമറ്റോ ക്രൊമാറ്റോസിസ്' രോഗബാധിതനാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. രക്തത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി കൂടി കരളില്‍ അടിയുന്ന രോഗമാണ് 'ഹെമറ്റോ ക്രൊമാറ്റോസിസ്'. കൂടാതെ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയും അദ്ദേഹത്തിനുണ്ടെന്ന് ജൂണില്‍ നടത്തിയ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക