അങ്ങനെ സംഭവിച്ചാല്‍ ദിലീപ് ആദ്യമെത്തുന്നത് ഇവിടെയായിരിക്കും!

വ്യാഴം, 20 ജൂലൈ 2017 (08:17 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്തിമ തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസ് പഠിക്കാന്‍ കുറച്ചു കൂടി സമയം വേണമെന്ന അഭിഭാഷകന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.
 
ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇത് കോടതിയില്‍ തെളിയിക്കാനായാല്‍ ദിലീപിനെ എന്നെന്നേക്കുമായി ജയിലില്‍ തന്നെ അടച്ചിടാം. മറിച്ചാണെങ്കില്‍ പുഷ്പം പോലെ ദിലീപ് ഇറങ്ങിപ്പോരും. ദിലീപിന് ജാമ്യം ലഭിക്കുമെന്നാണ് പ്രതിഭാഗത്തിന്റെ വിശ്വാസം.
 
ക്രിമിനലിന്റെ മൊഴി സ്വീകരിച്ചാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്. ദിലീപിന്റെ ജയില്‍ മോചനം വേഗത്തിലാകുന്നതിന് കുടുംബം പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നുണ്ട്. കോട്ടയം പൊന്‍കുന്നത്തെ ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലിലെത്തി സഹോദരന്‍ അനൂപ് വഴിപാടുകള്‍ നടത്തി. ജാമ്യം ലഭിച്ചാല്‍ ദിലീപ് ആദ്യം ഈ കോവില്‍ സന്ദര്‍ശിക്കുമെന്ന് അനൂപ് ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. 
 
അതേസമയം, ദിലീപിന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും പോലീസ് കോടതിയെ ബോധിപ്പിക്കും. പ്രതിഭാഗം ഹൈക്കോടതിയില്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഗൂഢാലോചന കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിനെ ബന്ധിപ്പിക്കുന്ന വിവരങ്ങളോ വസ്തുതകളോ റിമാന്റ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക