ടെക് ലോകത്ത് വർഷങ്ങളായി ചോദ്യം ചെയ്യപ്പെടാതിരുന്ന ഗൂഗിളിന്റെ ആധിപത്യത്തിന് അവസാനമിട്ട് ടിക്‌ടോക്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് എന്ന നേട്ടം ഗൂഗിളിൽ നിന്നും ടിക്‌ടോക് തട്ടിയെടുത്തതായാണ് ഐടി സുരക്ഷാ കമ്പനിയായ ക്ലൗഡ്ഫ്‌ളെയര്‍ ബിബിസിയുമായി പങ്കുവച്ച ഡേറ്റയിൽ പറയുന്നത്. ഫെയ്‌സ്‌ബുക്ക്,ആമസോൺ,ട്വിറ്റർ തുടങ്ങിയ ടെക് ഭീമന്മാർക്ക് സാധിക്കാത്തതാണ് ടിക്‌ടോക് സാധ്യമാക്കിയത്.
ക്ലൗഡ്ഫ്‌ളെയര്‍ പുറത്തുവിട്ട ഡേറ്റ പ്രകാരം 2021 ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ തന്നെ ടിക്‌ടോക്ക് ഗൂഗിളിനെ തട്ടിമാറ്റി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍ തുടങ്ങിയ സമയത്താണ് ടിക്‌ടോക്കിന്റെ ജനസമ്മതി കുതിച്ചുയര്‍ന്നത്.
2020ല്‍ ടിക്‌ടോക്ക് 7-ാം സ്ഥാനത്തായിരുന്നു. എന്നാൽ 2021 ഫെബ്രുവരിയിയില്‍ കഥമാറി. ടിക്‌ടോക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുണ്ടായിരുന്ന ഇന്ത്യയിൽ കമ്പനി ബാൻ ചെയ്യപ്പെട്ടിട്ടാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയതെന്ന് എടുത്തുപറയേണ്ടതാണ്. ഒരു കൊല്ലം കൊണ്ട് ടിക്‌ടോക്ക് മറികടന്നത് ഗൂഗിളിനെ മാത്രമല്ല. ആമസോണ്‍, ആപ്പിള്‍, ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെയും ചൈനീസ് ആപ്പ് പിന്നിലാക്കി. ലോകമെമ്പാടുമായി 100 കോടിയിലേറെ ഉപഭോക്താക്കളാണ് ടിക്‌ടോക്കിനുള്ളത്.