സോഷ്യൽ മീഡിയ ജനാധിപത്യത്തെ ഹാക്ക് ചെയ്യുന്നു: സോണിയാ ഗാന്ധി

ബുധന്‍, 16 മാര്‍ച്ച് 2022 (20:22 IST)
ഇന്ത്യൻ രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ ചിലർ സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യുന്നുവെന്നും ജനാധിപത്യത്തെ ഹാക്ക് ചെയ്യാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഫേസ്ബുക്ക് ട്വിറ്റർ പോലുള്ള ഭീമന്മാരുടെ സ്വാധീനം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും സോണിയാ ലോക്സഭയിൽ ആവശ്യപ്പെട്ടു.
 
സർക്കാർ ഒത്താശയോടെ സാമൂഹ്യസൗഹാർദ്ദം തകർക്കാൻ ഫെയ്‌സ്ബുക്ക് നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യത്തിന് അപകടകരമാണ്.വൻകിട കോർപ്പറേറ്റുകളും, ഭരണ സ്ഥാപനങ്ങളും, ആഗോള സോഷ്യൽ മീഡിയ ഭീമന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
 
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഫെയ്‌സ്ബുക്ക് പ്രചരിപ്പിച്ചിരുന്നതായുള്ള അൽജസീറ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ പരാമർശം. നിയമങ്ങൾ മറികടന്നായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഭരണകക്ഷിയുടെ ഇത്തരം പരസ്യങ്ങൾ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍