ഇത് ഇറാഖോ, അഫ്‌ഗാനോ,സിറിയയോ അല്ല: സമ്പന്നരായ യൂറോപ്യന്മാർ യുദ്ധത്തിൽ മരിക്കുന്നു: പാശ്ചാത്യ ന്യൂസ് ചാനലുകളിലെ വംശീയ റിപ്പോർട്ടിങിനെതിരെ പ്രതിഷേധം

ചൊവ്വ, 1 മാര്‍ച്ച് 2022 (19:30 IST)
യുക്രെയ്‌നിനെതിരെ റഷ്യ നടത്തുന്ന അതിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ ന്യൂസ് ചാനലുകളുടെ വംശീയ റിപ്പോർട്ടിംഗിനെതിരെ പ്രതിഷേധം ഉയരുന്നു. യുക്രൈൻ അഭയാർത്ഥികൾ സമ്പന്നരായ, സംസ്കാരമുള്ള ക്രിസ്‌ത്യാനികളാണെന്ന പരാമർശങ്ങൾക്കെതിരെയാണ് പ്രതിഷേധം.
 
നീലക്കണ്ണുകളും ചെമ്പൻ മുടിയുമുള്ള യൂറോപ്യൻ ജനത കൊല്ലപ്പെടുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നുവെന്നാണ് ബിബിസിയിൽ യുക്രൈനിലെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടറായ ഡെവിഡ് സക്‌വരേലിഡ്സെ ‌പറഞ്ഞത്. ഇയാളെ തിരുത്താൻ അവതാരകൻ ശ്രമിക്കുന്നുമില്ല. അമേരിക്കൻ ചാനലായ എൻബിസിയുടെ റിപ്പോർട്ടറാകട്ടെ ഇവർ സിറിയയിൽ നിന്നുള്ള അഭയാർത്ഥികളല്ല നമ്മെ പോലെ വെളുത്തവരാണ് ക്രിസ്ത്യാനികളാണ് എന്ന പരാമർശമാണ് നടത്തിയത്.
 
സമാനമായി നിരവധി ചാനലുകളും യുദ്ധത്തെ പറ്റി പ്രതികരണം നടത്തിയതോടെയാണ് ഇത്തരം വംശീയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം രൂപപ്പെട്ടത്. സിറിയയിലും അഫ്‌ഗാനിലും കൊല്ലപ്പെട്ടത് മനുഷ്യർ തന്നെയല്ലെ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍