ടെലികോം രംഗത്ത് വൻ വിപ്ലവത്തിന് തിരികൊളുത്തിയ റിലയൻസ് ജിയോ മറ്റൊരു തകര്‍പ്പന്‍ ദൗത്യത്തിലൂടെ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ എത്തുന്നു. അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് എന്ന സേവനവുമായാണ് ജിയോ എത്തുന്നത്. നിലവില്‍ മുംബൈയിലും പൂനെയിലും അവതരിപ്പിച്ച ഫൈബര്‍ ബ്രോഡ്ബാന്‍ഡ് മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് റിലയന്‍സ് തയ്യാറെടുക്കുന്നത്. 500 രൂപ മുതല്‍ 5500 രൂപ വരെയുള്ള പ്രതിമാസ പദ്ധതികളാണ് ഫൈബര്‍ ബ്രോഡ്ബാന്‍ഡിലൂടെ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യത്തെ 90 ദിവസം വെല്‍ക്കം ഓഫറായിരിക്കും ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡില്‍ നല്‍കുക. ഈ കാലയളവില്‍ സൗജന്യമായി ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ജിയോ 4ജിയുടെ കൊമേഴ്‌സ്യല്‍ ലോഞ്ച് മാര്‍ച്ച് 31ലേക്ക് നീട്ടിയതിനാലാണ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം വൈകിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബ്രോഡ്ബാന്‍ഡ് നിരക്കുകളെ കുറിച്ച് റിലയന്‍സ് ജിയോ ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടിട്ടില്ല.
ദേശീയ മാധ്യമങ്ങളാണ് ഇപ്പോള്‍ ജിയോ ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 500 രൂപ പാക്കില്‍ 15 ജിബിയുടെ വേഗതയില്‍ 30 ദിവസത്തേക്ക് 600 ജിബി ഡേറ്റ ഉപയോഗിക്കാന്‍ കഴിയും. 800 രൂപയുടെ പാക്കാണെങ്കില്‍ 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡേറ്റ എന്ന ഓഫറും ലഭ്യമാകും. പരിധിയില്ലാ വേഗതയുള്ള വിഭാഗത്തില്‍ 1000 രൂപയ്ക്ക് ദിവസം 5 ജിബി മുപ്പത് ദിവസത്തേക്ക് ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.