വൈഫൈ ഇനി പഴങ്കഥ; 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയുമായി ലൈഫൈ !

Webdunia
ശനി, 25 മാര്‍ച്ച് 2017 (12:45 IST)
ഏറ്റവും വേഗതയേറിയ വൈഫൈയേക്കാള്‍ നൂറിരട്ടി വേഗതയുമായി ലൈഫൈ എത്തുന്നു. പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള വൈഫൈയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗത കൈവരിക്കാന്‍ ലൈഫൈയ്ക്ക് കഴിഞ്ഞതായാണ് കഴിഞ്ഞ ആഴ്ച്ച സര്‍വകലാശാല പുറത്തുവിട്ട ഗവേഷണഫലത്തില്‍ വ്യക്തമാക്കുന്നത്.   
 
എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ ലൈഫൈ പരീക്ഷിച്ചിരുന്നത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ലൈഫൈ വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ വേഗത കുറയുന്നത് ഒരു തടസ്സമായി. ഈ പ്രശ്നത്തെ മറികടക്കാന്‍ ഇന്‍ഫ്രാറെഡ് വെളിച്ചത്തിന് കഴിയുമെന്ന് നെതര്‍ലന്‍ഡിലെ ഐന്തോവന്‍ സാങ്കേതിക സര്‍വകലാശാലയിലെ പിഎച്ച്ഡി ഗവേഷകനാണ് തെളിയിച്ചത്. 
 
മേല്‍ക്കൂരയില്‍ ഉറപ്പിച്ചിരിക്കുന്ന ലൈറ്റ് ആന്റിനയാണ് ലൈഫൈയുടെ പ്രധാനഭാഗം. ഈ ആന്റിന വഴിയാണ് ഇന്‍ഫ്രാറെഡ് വെളിച്ചം പുറത്തെത്തുക. ഇന്റര്‍നെറ്റിനായി ബന്ധിപ്പിക്കുന്ന ഓരോ ഉപകരണവും ഇന്‍ഫ്രാറെഡ് വെളിച്ചവും തമ്മില്‍ തരംഗദൈര്‍ഘ്യത്തില്‍ വ്യത്യാസം കാണാന്‍ സാധിക്കും.
 
ഒരേ തരംഗദൈര്‍ഘ്യം ആകാത്തിടത്തോളം സമയം കണക്ഷന്‍റെ വേഗത കുറയുകയില്ല. ഈ സാങ്കേതികവിദ്യ ഉടന്‍ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കണ്ട. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ മാത്രമേ ഇത് വിജയകരമായി അവതരിപ്പിക്കാന്‍ കഴിയൂയെന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Article