ചരിത്രത്തിൽ ആദ്യമായി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവ്, നഷ്ടം 20,000 കോടി ഡോളർ

വ്യാഴം, 3 ഫെബ്രുവരി 2022 (21:58 IST)
സോഷ്യൽ മീഡിയ ഭീമനായ ഫേസ്‌ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തി.  വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി.ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയങ്ങളും നിയന്ത്രണങ്ങളും ടിക് ടോക്ക് പോലുള്ള എതിരാളികള്‍ ഉപഭോക്താക്കളെ ആകർഷിച്ചതുമാണ് ഫേസ്‌ബുക്കിന് തിരിച്ചടിയായത്.
 
ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന കമ്പനിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി രണ്ടിന് മെറ്റാ പ്ലാറ്റ്ഫോമിന്റെ ഓഹരിയിൽ 20 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇതുവഴി 20,000 കോടി ഡോളറിന്റെ നഷ്ടം കമ്പനിക്കുണ്ടായതായാണ് കണക്കുകൾ.
 
18 വര്‍ഷക്കാലത്തെ ചരിത്രത്തിനിടയ്ക്ക് ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായത്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പരസ്യ വിതരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഫേസ്‌ബുക്കിന്റെ പരസ്യവിതരണത്തെ ബാധിച്ചിരുന്നു.
 
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരസ്യ വിതരണ പ്ലാറ്റ്‌ഫോമാണ് മെറ്റാ.  ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, പിന്ററസ്റ്റ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഓഹരിയും ഇടിഞ്ഞിട്ടുണ്ട്. ഫേസ്‌ബുക്കിൽ നിന്നും യുവാക്കള്‍ വ്യാപകമായി പ്ലാറ്റ്‌ഫോമില്‍നിന്ന് കൊഴിഞ്ഞുപോവുകയാണെന്നതും കമ്പനി‌യുടെ വളർച്ചയെ ബാധി‌ക്കാൻ ഇടയാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍