വാട്‌സ്ആപ്പില്‍ പുതുതായി അവതരിപ്പിച്ച എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചവരാണ് നമ്മള്‍. അയക്കുന്ന സന്ദേശം ഹാക്ക് ചെയ്യാനോ മൂന്നാമതൊരാള്‍ക്ക് കാണാനോ സാധിക്കില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. എന്നാല്‍ വാട്‌സ്ആപ്പില്‍ നിന്ന് ഉപയോക്താക്കള്‍ ഡിലീറ്റ് ചെയ്യുന്ന ചാറ്റുകള്‍ സ്‌ക്രീനില്‍ നിന്നും മാത്രമേ അപ്രത്യക്ഷമാകുന്നുള്ളൂവെന്നും എന്നന്നേക്കുമായി സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നുമാണ് പുതിയ കണ്ടെത്തല്‍.
ഐ ഒ എസ് ഗവേഷകനായ ജോനാഥന്‍ സ്‌ഡസിയാര്‍ക്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ വാട്‌സ്ആപ്പ് പതിപ്പുമായെത്തിയ ഐഫോണിന്റെ ‘ഡിസ്‌ക് ഇമേജ്’ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപയോക്താവ് ചാറ്റോ ഡാറ്റയോ ഡിലീറ്റ് ചെയ്യുന്ന വേളയില്‍ ഈ ആപ്പ് അക്കാര്യം മാര്‍ക്ക് ചെയ്തു വക്കുകയാണ് ചെയ്യുന്നത്. കൂടാതെ പുതിയ ചാറ്റോ ഡാറ്റയോ വരുമ്പോള്‍ പഴയത് ഓവര്‍റൈറ്റ് ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോറന്‍സിക് ആന്റ് റിക്കവറി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരം ഡാറ്റകളും ചാറ്റുകളും തിരിച്ചെടുക്കാമെന്നും ജോനാഥന്‍ പറഞ്ഞു. വാട്ട്‌സ്‌ആപ്പ് പരിഷക്കരിക്കാനായി എസ് ക്യൂ ലൈറ്റ് ലൈബ്രറിയെന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഡാറ്റകള്‍ ഒരുകാരണവശാലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നും ജോനാഥന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വിശദമാക്കിയത്.