‘ഗൂഗിള്‍ എന്റെ ജീവിതമാകുന്നു’

വെള്ളി, 8 ജനുവരി 2010 (11:45 IST)
PRO
PRO
ഇന്റര്‍നെറ്റ് ലോകത്തെ ഭീമന്‍ കമ്പനിയായ ഗൂഗിള്‍ നെറ്റ് ഉപയോക്താക്കളുടെ ജീവിതം കൂടിയാണ്. ഗൂഗിള്‍ സേവനം ഇല്ലാത്തൊരു സാങ്കേതിക ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ജി-മെയില്‍, സെര്‍ച്ച് എഞ്ചിന്‍, ഗൂഗിള്‍ എര്‍ത്ത്, ആന്‍ഡ്രോയിഡ്, ഒര്‍ക്കുറ്റ്, യൂട്യൂബ് തുടങ്ങീ എല്ലാ സേവനങ്ങളും നെറ്റില്‍ ഹിറ്റ് തന്നെയാണ്.

മാഷബിള്‍ സൈറ്റ് നടത്തിയ സര്‍വെ പ്രകാരം നെറ്റ് ഉപയോഗിക്കുന്ന 70 ശതമാനം പേരും ജിമെയില്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. വ്യക്തിപരമായി മാത്രമല്ല തൊഴില്‍പരമായും ജി-മെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വന്‍‌കിട കമ്പനികളുടെ ഡാറ്റകള്‍ സൂക്ഷിക്കുന്ന ഇടം കൂടിയാണ് ഗൂഗിള്‍ സര്‍വറുകള്‍. നെറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിതമായ ഇടം ഗൂഗിള്‍ സര്‍വറുകള്‍ തന്നെയാണെന്നാണ് മിക്ക നെറ്റ് വിദഗ്ധരും അഭിപ്രായപ്പെട്ടത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ സേവനം ഉപയോഗിക്കാത്ത നെറ്റ് ഉപയോക്താക്കള്‍ ഉണ്ടാകില്ല. നെറ്റ് ഉപയോഗിക്കുന്ന 95 ശതമാനം പേരും ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ സേവനം ഉപയോഗിക്കുന്നവരാണെന്നും സര്‍വെ കണ്ടെത്തി. എന്തിനും ഏതിനും നെറ്റില്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഗൂഗിള്‍ സെര്‍ച്ച് ജനപ്രിയമായത്.

ഗൂഗിളിന്റെ ജനപ്രിയ ഉല്‍പ്പന്നമായ ജി-മെയില്‍ സെക്കന്‍ഡുകള്‍ ഡൌണായാല്‍ പോലും നെറ്റ് ലോകത്ത് വന്‍ വാര്‍ത്തയാണ്. കാരണം മറ്റൊന്നുമല്ല, ഏറ്റവും കൂടുതല്‍ സാങ്കേതിക സേവനം നല്‍കുന്ന ഏക മെയില്‍ സര്‍വീസാണ് ജി-മെയില്‍. ജി-മെയിലും ഗൂഗിള്‍ ചാറ്റും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് മിക്ക നെറ്റ് ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. പലര്‍ക്കും ജി-മെയില്‍ ഡൌണായാല്‍ അന്നത്തെ ജോലി മുടങ്ങുന്ന അവസ്ഥ വരെ നിലനില്‍ക്കുന്നുണ്ട്.

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സംവിധാനമായ ഒര്‍ക്കുട്ട് നെറ്റ് ഉപയോക്താക്കളുടെ ജീവിതം തന്നെയാണ്. സൌഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒര്‍ക്കുട്ട് തുടങ്ങി കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ വന്‍ ഹിറ്റായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സോഷ്യല്‍ മീഡിയകളില്‍ ഒര്‍ക്കുട്ടിന് മുഖ്യ സ്ഥാനം തന്നെയുണ്ട്.

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വിപണിയിലും ഗൂഗിള്‍ സജീവമായി കഴിഞ്ഞു. വേഗതയിലും സുരക്ഷയിലും മുന്നിട്ടു നില്‍ക്കുന്ന ഗൂഗിള്‍ ക്രോം ബ്രൌസര്‍ വിപണിയില്‍ മൂന്നാം സ്ഥാനത്താണ്. ഗൂഗിള്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളൊന്നും പരാജയപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏറ്റവും അവസാനമായി പുറത്തിറക്കിയ ഗൂഗിള്‍ വേവ് കൂടി പൂര്‍ണതയിലെത്തുന്നതോടെ നെറ്റ് ഉപയോക്താക്കാളുടെ ജീവിതം ഗൂഗിളിനൊപ്പമാകും. നെറ്റ് ലോകത്ത് എന്തെല്ലാം ലഭ്യമായിട്ടുണ്ടോ എല്ലാം തന്നെ ഗൂഗിള്‍ വേവില്‍ ലഭ്യമാക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് പുറത്തിറക്കിയ ഗൂഗിള്‍ തന്നെ സ്മാര്‍ട്ട് ഫോണും വിപണിലെത്തിക്കുകയാണ്. ഇതോടെ വന്‍‌കിട മൊബൈല്‍ കമ്പനികളുടെ കുത്തക തകരുമെന്ന് കരുതാം. കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാവുന്ന സെറ്റുകള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് ഗൂഗിള്‍ ലക്‍ഷ്യമിടുന്നത്. എന്തായാലും മൊബൈല്‍ കൂടി വരുന്നതോടെ ഗൂഗിള്‍ സമൂഹത്തിന്റെ ഭാഗമായി തീരും. ഗൂഗിള്‍ ഇല്ലാത്ത ജീവിതം ഒരിക്കലും ചിന്തിക്കാന്‍ പോലുമാകില്ല.

വെബ്ദുനിയ വായിക്കുക