സൈബറുലകത്തിന്റെ പ്രതലങ്ങളില്‍ ഹൃദയം കൊണ്ടെഴുതിയ കവിതയാണ് ആപ്പിള്‍ എന്നാരാണ് പറഞ്ഞത്? ഇതുവരെ ആരും പറഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ അത് പറയപ്പെട്ടു എന്ന് കൂട്ടിക്കോളൂ. ആപ്പിള്‍ ഐപാഡ് ഇനിമുതല്‍ നിങ്ങളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന് “ഓ എന്റെ ഹൃദയമേ!” എന്ന് വിളിക്കും. അപാരമായൊരു അന്തര്‍ചോദനയാല്‍ നിങ്ങളുടെ ഹൃദയം മിടിച്ചു തുടങ്ങും. ആപ്പിളിനുവേണ്ടി. എങ്ങനെയുണ്ട് ഐഡിയ? ഉള്ളില്‍ ഒരു ലഡു പൊട്ടിയോ?
വാര്‍ത്ത ഇതാണ്. ആപ്പിള്‍ ഐപാഡുകള്‍ ഇനി ഹൃദയം കൊണ്ട് ചാര്‍ജ്ജ് ചെയ്യാം. നാനോ സാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ചിപ്പുകളാണ് ഹൃദയവുമായി സംവദിക്കുക. ബാറ്ററികളില്ലാത്ത ഒരു ലോകം എന്നതാണ് ആപ്പിള്‍ മുന്നോട്ടു വെയ്ക്കുന്ന ആശയം. മനുഷ്യഹൃദയം പുറത്തു വിടുന്ന അത്യന്തം വിപ്ലവകരവും ഊഷ്മളവുമായ വൈദ്യുത തരംഗങ്ങളുള്ളപ്പോള്‍ എന്തിനാണ് വിലകുറഞ്ഞ ബാറ്ററികള്‍?
ശരീര ചലനങ്ങളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മനുഷ്യരാശിയുടെ മുന്നേറ്റങ്ങളില്‍ ഒരു നാഴികക്കല്ല് തന്നെയാണെന്ന് ആപ്പിളിന്റെ ജോര്‍ജിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ഡോക്‌ടര്‍ ഴോംഗ് ലിന്‍ വാംഗ് പറഞ്ഞു. ഈ വഴിക്ക് നടന്നിട്ടുള്ള ശ്രമങ്ങളെല്ലാം തന്നെ ഏതെങ്കിലും തരത്തില്‍ പരാജയപ്പെടുകയായിരുന്നു eന്ന് ലിന്‍ ചൂണ്ടിക്കാട്ടി. ഒരു സമ്പൂര്‍ണമായ വ്യവസ്ഥ രൂപപ്പെടുത്തിയിടത്താണ് തങ്ങളുടെ വിജയം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടക്കുന്നതും ഓടുന്നതും ഹൃദയം മിടിക്കുന്നതുമെല്ലാം വൈദ്യുതി സൃഷ്ടിക്കാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങളാണ്. അഞ്ച് നാനോ ജനറേറ്ററുകള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഏതാണ്ട് 1 മൈക്രോ ആമ്പിയര്‍ വൈദ്യുതി സൃഷ്ടിക്കാന്‍ കഴിയും. അതായത് രണ്ട് എഎ സൈസ് ബാറ്ററികള്‍ ഉള്‍ക്കൊള്ളുന്നത്രയും വൈദ്യുതി. കൂടുതല്‍ നാനോവയറുകള്‍ ഘടിപ്പിച്ചാല്‍ വളരെയേറെ വൈദ്യുതി സൃഷ്ടിക്കാനാകും. 500 നാനോവയറുകള്‍ ഒരു മുടിയിഴയില്‍ കൊരുത്തു വെയ്ക്കാനാകും എന്നോര്‍ക്കുക.