ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ കംപ്യൂട്ടര്‍ എന്ന പദവി ഐ ബി എമ്മിന്‍റെ റോഡ് റണ്ണറിന് സ്വന്തം. ലോകത്തിലെ മികച്ച 500 സൂപ്പര്‍ കംപ്യൂട്ടറുകളുടെ ഏറ്റവും ഒടുവിലത്തെ പട്ടികയിലാണ് റോഡ് റണ്ണര്‍ ഒന്നാം സ്ഥാനത്തെത്തിയത്.
മികച്ച സൂപ്പര്‍ കംപ്യൂട്ടറുകളുടെ നിലവിലുണ്ടായിരുന്ന പട്ടികയില്‍ ഒന്നാം സ്ഥാനം വഹിച്ചിരുന്ന കംപ്യൂട്ടറിനെക്കാള്‍ രണ്ടിരട്ടി അധിക വേഗമാണ് റോഡ് റണ്ണറെ വ്യത്യസ്തമാക്കുന്നത്. 1,026 പെറ്റാഫ്ലോപ്പ് (സെക്കന്‍ഡില്‍ 1,000 ലക്ഷംകോടി കണക്കുകൂട്ടലുകള്‍ക്ക് സമാനമാണ് ഒരു പെറ്റാഫ്ലോപ്പ്) ആണ് റോഡ് റണ്ണറിന്‍റെ വേഗത.
ജര്‍മനിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര സൂപ്പര്‍ കംപ്യൂട്ടിംഗ് സമ്മേളനത്തിലാണ് വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടറുകളുടെ പുതിയ പട്ടിക പുറത്തുവിട്ടത്. സോണിയുടെ പ്ലേ സ്റ്റേഷന്‍ മൂന്നില്‍ ഉപയോഗിക്കുന്ന തരം സെല്‍ പ്രൊസസറാണ് റോഡ് റണ്ണറിന് കരുത്ത് പകര്‍ന്നു നല്‍കുന്നത്.
12,240 സെല്‍ ചിപ്പുകളുടെയും 6,562 ഇരട്ട എ എം ഡി ഒപ്റ്റെറോണ്‍ പ്രൊസസറുകളുടെയും സംഘടിത ഊര്‍ജ്ജമാണ് റോഡ് റണ്ണര്‍ ഉപയോഗിക്കുന്നത്. സോണി കോര്‍പ്പറേഷന്‍, തോഷിബാ കോര്‍പ്പറേഷന്‍, ഐ ബി എം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ഈ സെല്‍ ബ്രോഡ്ബാന്‍ഡ് എഞ്ചിന്‍ ചിപ്പ് വികസിപ്പിച്ചെടുത്തത്. സാധാരണ ആവശ്യങ്ങള്‍ക്കായുള്ള ഒരു പവര്‍ പ്രൊസസറും എട്ട് സഹ പ്രൊസസിംഗ് ഘടകങ്ങളും അടങ്ങുന്നതാണ് ഒരു ചിപ്പ്.
ഉയര്‍ന്ന നിര്‍വചനമുള്ള ഗ്രാഫിക്സുകള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധമാണ് സഹ പ്രൊസസിംഗ് ഘടകങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 100 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് റോഡ് റണ്ണര്‍ നിര്‍മ്മിച്ചത്. അമേരിക്കയുടെ ദേശീയ ആണബ സുരക്ഷ ഭരണ വിഭാഗത്തിന്‍റെ ലോസ് അലാമോസ് ദേശീയ പരീക്ഷണശാലയിലാണ് ഇപ്പോള്‍ റോഡ് റണ്ണറിന്‍റെ സേവനം വിനിയോഗിച്ച് വരുന്നത്.
വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടറുകളുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഭൂരിഭാഗം അലങ്കരിക്കുന്നത് ഐ ബി എമ്മിന്‍റെ കമ്പ്യൂട്ടറുകളാണ്. മികച്ച 500 സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ 210 എണ്ണവും ഐ ബി എം കുടുംബത്തില്‍ നിന്നുള്ളവയാണ്. 183 സ്ഥാനങ്ങള്‍ കയ്യടക്കിയ എച്ച്‌പിയാണ് തൊട്ടടുത്ത് നില്‍ക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ കംപ്യൂട്ടറുകളില്‍ 75 ശതമാനത്തിലും ഇന്‍റലിന്‍റെ ചിപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.