ദുബായിലെ സാമ്പത്തിക തകര്‍ച്ചയാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ച ഒരു കാരണമെന്ന് റിപ്പോര്‍ട്ട്. ദുബായിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി ചെലവിട്ടത് ആയിരം കൂടി രൂപയാണെത്രെ. എന്നാല്‍ പ്രതീക്ഷിക്കാതെ വന്നെത്തിയ സാമ്പത്തിക മാന്ദ്യത്തില്‍ ദുബായ് ഉലഞ്ഞപ്പോള്‍ സത്യത്തിന് നില്‍ക്കക്കള്ളിയില്ലാതായി.
സത്യത്തിന്റെ നില്‍നില്‍പ്പിനായി പെരുപ്പിച്ച് കാട്ടിയ കണക്കുകള്‍ ശരിയാക്കാന്‍ ദുബായിലുള്ള സത്യത്തിന് കഴിയുമെന്നായിരുന്നു രാമലിംഗ രാജുവിന്റെ കണക്കുകൂട്ടല്‍. ഗള്‍ഫിലെ ജോലികളെല്ലാം ദുബായ് ഓഫീസ് വഴിയാണ് സത്യം ചെയ്തിരുന്നത്. ദുബായടക്കം ഗള്‍ഫില്‍ സാമ്പത്തിക തകര്‍ച്ച തുടങ്ങിയതോടെ മക്കളുടെ കമ്പനികളുമായുള്ള ലയനം മാത്രമാണ് കമ്പനി രക്ഷിക്കാനുള്ള ഏക വഴിയെന്ന് രാജു മനസിലാക്കി.
യുഎഇയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ദുബായ് മുനിസിപ്പാലിറ്റിയുമായും സത്യത്തിന് വന്‍ ജോലി കരാറുകളുണ്ട്. ഇതുമല്ലാതെ ഗള്‍ഫില്‍ നിന്നുള്ള മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സത്യം ജോലി ചെയ്ത് കൊടുക്കുന്നുണ്ട്. കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ ദുബായിലുള്ള സത്യം ഓഫീസ് ജീവനക്കാര്‍ക്ക് കഴിയുന്നില്ല.