സംഗീതപ്രേമികളുടെ പ്രിയ സാറ്റലൈറ്റ് റേഡിയോ പണിമുടക്കിയതോടെ ഫേസ്ബുക്കില്‍ ചര്‍ച്ചയായി. ഉപഭോക്താക്കളെ അറിയിക്കാതെ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച സാറ്റലൈറ്റ് റേഡിയോ കമ്പനിക്കെതിരെ സംഗീത പ്രേമികള്‍ ഫേസ്ബുക്കില്‍ വിവിധ സംഘങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച തുടങ്ങി കഴിഞ്ഞു.
പത്തുവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് ശേഷമാണ് വേള്‍ഡ് സ്പേസ് സാറ്റലൈറ്റ് ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. അഞ്ച് ലക്ഷം സംഗീതപ്രേമികളായ ഉപഭോക്താക്കളെ അറിയിക്കാതെ വേള്‍ഡ് സ്പേസ് സാറ്റലൈറ്റ് റേഡിയോ നിശബ്ദമായത് നെറ്റില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കയാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31-നാണ് വേള്‍ഡ് സ്പേസ് റേഡിയോ രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. വന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അധികൃതര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 32 കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വേള്‍ഡ് സ്പേസ് സാറ്റലൈറ്റ് റേഡിയോയെ അമേരിക്കയിലെ ലിബര്‍ട്ടി മീഡിയ വേള്‍ഡ് സ്പേസ് ഏറ്റെടുത്തുവെങ്കിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ താത്പര്യം അറിയിച്ചിട്ടില്ല. രാജ്യത്തെ ലക്ഷക്കണക്കിന് വീടുകള്‍ തോറും റിസീവറും സ്പീക്കറും അടങ്ങുന്ന സെറ്റും കണക്ഷന്‍ ഫീയുമായി കമ്പനി തൊണ്ണൂറ് കോടി രൂപയോളം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. ഇതിനാല്‍ തന്നെ സംഗീത പ്രേമികളില്‍ നിന്നുള്ള പ്രതിഷേധവും രൂക്ഷമാണ്.
വിവിധ ഭാഷയിലെ ചലച്ചിത്രഗാനങ്ങളും ശാസ്ത്രീയഗാനങ്ങളും, പാശ്ചാത്യ സംഗീതവും അടക്കം നല്ലൊരു ശേഖരമാണ് വേള്‍ഡ് സ്പേസിനുള്ളത്. രാജ്യത്തെ സാറ്റലൈറ്റ് റേഡിയോ പ്രവര്‍ത്തനം നിലച്ചുവെങ്കിലും ബാംഗ്ലൂരിലെ സ്റ്റുഡിയോവില്‍ ജീവനക്കാര്‍ ഇപ്പോഴും ജോലിക്കെത്തുന്നുണ്ട്. അതേസമയം, വേള്‍ഡ് സ്പേസ് സാറ്റലൈറ്റ് റേഡിയോ അറിയിപ്പില്ലാതെ നിര്‍ത്തിയ നിലപാടിനെതിരെ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സംഗീത പ്രേമികള്‍.