ഫേസ്ബുക്ക് നുണകളുടെ കേന്ദ്രം!

വ്യാഴം, 28 ഒക്‌ടോബര്‍ 2010 (11:46 IST)
PRO
PRO
ജനപ്രിയ സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുന്ന വ്യക്തി വിവരങ്ങളും സന്ദേശങ്ങളും ഭൂരിഭാഗവും നുണയാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. മിക്കവരും യഥാര്‍ത്ഥ ജീവിതത്തിലെ കാര്യങ്ങള്‍ ഫേസ്ബുക്ക് സുഹൃത്തുക്കളോട് പങ്കുവയ്ക്കാന്‍ മടിക്കുന്നു എന്നാണ് പഠനം തെളിയിക്കുന്നത്.

ബ്രിട്ടണിലെ രണ്ടായിരത്തോളം നെറ്റ് ഉപയോക്താക്കള്‍ സര്‍വെയില്‍ പങ്കെടുത്തു. ഫേസ്ബുക്ക്, ട്വിറ്റര്‍ സൈറ്റുകളില്‍ സന്ദേശം പോസ്റ്റ് ചെയ്യുന്ന ഭൂരിഭാഗം പേര്‍ക്കും തന്റെ പോസ്റ്റിംഗില്‍ ആത്മവിശ്വാസമില്ല, അല്ലെങ്കില്‍ വിശ്വാസമില്ല. ഫേസ്ബുക്ക് ചാറ്റിംഗ് വഴിയോ, വാള്‍ പോസ്റ്റിംഗ് വഴിയോ നേരിട്ടു സംസാരിക്കുന്നവര്‍ പോലും യഥാര്‍ഥ്യം മറച്ചുവയ്ക്കുന്നു.

സര്‍വെയില്‍ പങ്കെടുത്തവരില്‍ ഇരുപത് ശതമാനം പേരും ട്വിറ്ററിലും, ഫേസ്ബുക്കിലും സത്യസന്ധമായി ആശയവിനിമയം നടത്തുന്നവരാണ്. ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളില്‍ പുരുഷന്മാര്‍ നല്‍കുന്ന വിവരങ്ങളില്‍ കൂടുതലും കളവാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പണക്കാരനാണ്, കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു, തടിയനല്ല തുടങ്ങി വിവരങ്ങള്‍ നല്‍കാനാണ് മിക്ക പുരുഷന്മാരും ശ്രമിക്കുന്നത്. ഇഷ്ടപ്പെട്ട ഡേറ്റിംഗ് പങ്കാളിയെ നേടിയെടുക്കുന്നതിന് വേണ്ടി എന്തു നുണ പറയാനും ചിലര്‍ തയ്യാറാകുന്നു.

സര്‍വെയില്‍ പങ്കെടുത്ത അയ്യായിരത്തോളം പേരില്‍ ഭൂരിഭാഗവും തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്ന് അറിയിച്ചു. വ്യക്തിപരമായ താത്പര്യങ്ങള്‍, പഴയകാല ബന്ധങ്ങള്‍, വയസ്സ്, സൌന്ദര്യം എന്നിവയെ കുറിച്ചെല്ലാം സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്നും സര്‍വെ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക