‘ഡോണ്ട് ബി ഈവിള്‍’ (ചീത്ത കാര്യം ചെയ്യരുത്) എന്നൊക്കെയാണ് ഗൂഗിള്‍ പ്രസംഗിക്കുന്നതെങ്കിലും ധാര്‍മികതയുടെ കാര്യത്തില്‍ മൈക്രോസോഫ്റ്റാണ് നല്ല കമ്പനി എന്ന് സര്‍വേ! ബിസിനസ് ധാര്‍മികത, കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന സ്ഥാപനമായ എത്തിസ്‌ഫെയറാണ് ഈ വിവരം പുറത്തുവിട്ടത്. എത്തിസ്‌ഫെയര്‍ ഈയടുത്ത ദിവസം പ്രസിദ്ധീകരിച്ച, ധാര്‍മികത പുലര്‍ത്തുന്ന ഏറ്റവും മികച്ച 110 കമ്പനികളുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് ഉണ്ടെങ്കിലും ഗൂഗിളില്ല.
പട്ടികയില്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം. ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സിയെയും ധാര്‍മികത പുലര്‍ത്തുന്ന കമ്പനിയായി എത്തിസ്‌ഫെയര്‍ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡോബി, ഈബേ, സെമാന്റെക്ക്, ഫോര്‍ഡ്, അക്സചെഞ്ച്വര്‍, കോള്‍ഗേറ്റ് പാമോലീവ്, സെറോക്സ്, ജനറല്‍ ഇലക്‌ട്രിക്ക്, പെപ്സിക്കോ, മാരിയോട്ട് ഹോട്ടല്‍, സിംഗപ്പൂര്‍ ടെലികോം, ആഡിഡാസ് തുടങ്ങിയ കമ്പനികള്‍ ഉള്ളപ്പോള്‍ ഗൂഗിള്‍ എങ്ങിനെ ഈ ലിസ്റ്റില്‍ നിന്ന് പുറത്തായി എന്നറിയില്ല.
ഗൂഗിള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും ധാര്‍മികത പുലര്‍ത്തുന്ന കമ്പനികളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷമാണ് ഗൂഗിളിനെ എത്തിസ്‌ഫെയര്‍ തഴഞ്ഞത്. ഗൂഗിളിനൊപ്പം എത്തിസ്‌ഫെയര്‍ ലിസ്റ്റില്‍ നിന്ന് തെറിച്ച 36 കമ്പനികളില്‍ ആപ്പിളും ഫേസ്‌ബുക്കും ഉണ്ട്. ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് ഈ ലിസ്റ്റില്‍ കയറിപ്പറ്റുന്നത്.
ധാര്‍മികതയില്‍ ഗൂഗിളിന് ഉണ്ടായിരുന്ന പ്രശസ്തി നഷ്‌ടപ്പെട്ടത് എങ്ങിനെ എന്ന വിഷയം ഇപ്പോള്‍ കോര്‍പ്പറേറ്റ് സര്‍ക്കിളുകളില്‍ സജീവ ചര്‍ച്ചയാണ്. ആഡ് നെറ്റ്‌വര്‍ക്കിനെ ഗൂഗിള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറെറ്റിംഗ് സിസ്റ്റത്തിലെ പല ഭാഗങ്ങളും തങ്ങളുടേത് അടിച്ചുമാറ്റിയതാണെന്ന ഒറാക്കിളിന്റെ ആരോപണം, പകര്‍പ്പവകാശ ലംഘനത്തിന് ഗൂഗിളിന് എതിരെ നടക്കുന്ന നിയമനടപടികള്‍ തുടങ്ങി പലതും ഗൂഗിള്‍ ലിസ്റ്റില്‍ നിന്ന് പുറത്തായതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്തായാലും, ഗൂഗിളിന് മേലെ ഒരു വിജയം കൂടി കണ്ടെത്താനായതില്‍ ഏറെ സന്തോഷത്തിലാണ് മൈക്രോസോഫ്റ്റ് എന്നറിയുന്നു.