അവസാനിക്കാത്ത ടെലഫോണ്‍ ശബ്ദം. ഉപഭോക്താക്കളുടെ കുറ്റപ്പെടുത്തലുകള്‍ ചീത്ത വിളികള്‍. അതിനൊക്കെ പുറമേ സ്ഥിരതയില്ലാത്ത വര്‍ക്കിംഗ് സമയം മൂലം സാമൂഹ്യ ബന്ധം പോലും ഇല്ലാത്ത അവസ്ഥ. ബി പി ഓ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മാനസീക സമ്മര്‍ദ്ദം കടുത്തതാണ്. എക്‍സിക്യുട്ടീവുകളാണെങ്കില്‍ ടാര്‍ജറ്റ് എത്തിക്കാനുള്ള പാട്.
സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കൌമാരക്കാര്‍ പെട്ടെന്നു പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ കോള്‍ സെന്‍ററുകള്‍ പോലെ ഏറ്റവും മാനസീക സമ്മര്‍ദ്ദമുള്ള ജോലിയില്‍ ഏര്‍പ്പെട്ട് കമ്പ്യൂട്ടറുകള്‍ക്കു മുന്നില്‍ ജീവിതം ഹോമിക്കുകയാണ്. മുപ്പതുകളില്‍ നില്‍ക്കുന്ന എക്‍സിക്യുട്ടീവുകള്‍ക്ക് ഹൃദയ സ്തംഭനം പതിവാകുന്നു. ഭൂരിപക്ഷത്തിനും രക്ത സമ്മര്‍ദ്ദവും ഷുഗറും കൊളസ്ട്രോളും. ഐ ടി രംഗത്ത് ആരോഗ്യനയം അത്യാവശ്യ ഘടകമാകുകയാണെന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഐ ടി തൊഴിലാളികളെ സമ്മര്‍ദ്ദത്തില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനായി പുതിയ ഐടി തൊഴില്‍ നയത്തെ കുറിച്ചു ആലോചിക്കുകയാണ് ആരോഗ്യ മന്ത്രാലയവും വിവര സാങ്കേതിക മന്ത്രാലയവും. അടുത്തയാഴ്ച ഇതു സംബന്ധിക്കുന്ന ചര്‍ച്ചകള്‍ക്കായി രണ്ടു മന്ത്രാലയവും ഒരുങ്ങുകയാണ്. ഒക്ടോബര്‍ അവസാനം വ്യാവസായിക പങ്കാളികളുമായും ചര്‍ച്ച നടത്തും.
രോഗികളുടെ എണ്ണം ഏറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഈ നീക്കം. ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സിന്‍റെ ഒരു നിര്‍ണ്ണായക പങ്ക് ഐ ടി മേഖല വഹിക്കുന്നുണ്ട്. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും തൊഴിലിന്‍റെ മാന്യതയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ടി ഐ ഓ രാംദാസ് പറയുന്നു.