ഐഐഎമ്മില്‍ ധനുഷ് ‘കൊലവെറി‘ പഠിപ്പിക്കും!

ചൊവ്വ, 7 ഫെബ്രുവരി 2012 (10:25 IST)
PRO
PRO
ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ധനുഷ് ‘വൈസ് ദിസ് കൊലവെറി ഡി‘ എന്ന ഹിറ്റ് ഗാനത്തിലൂടെ നേടിയ പ്രശസ്തി ചില്ലറയൊന്നുമല്ല. കൊലവെറിയുടെ വിജയം പഠനവിധേയമാക്കുകയാണ് പലരുമിപ്പോള്‍. അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് കൊലവെറിയെക്കുറിച്ച് ക്ലാസെടുക്കാനുള്ള അവസരവും ധനുഷിന് കൈവന്നിരിക്കുകയാണ്.

ഐഐഎമ്മില്‍ ക്ലാസെടുക്കാന്‍ ക്ഷണം ലഭിച്ച വിവരം ധനുഷ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഗാനം ചിട്ടപ്പെടുത്തിയ അനിരുദ്ധ് രവിചന്ദറും ധനുഷിനൊപ്പം ഉണ്ടാവും. ഒന്നര മണിക്കൂര്‍ നീളുന്ന ക്ലാസില്‍, വൈറല്‍ മാര്‍ക്കറ്റിംഗിലും സോഷ്യല്‍ മീഡിയയിലും കൊലവെറി സൃഷ്ടിച്ച സ്വാധീനത്തേക്കുറിച്ച് വിശകലനം ചെയ്യും.

“തന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല. അതില്‍ കാര്യവുമില്ല, കാരണം താന്‍ ഇന്ത്യക്കാരനാണ്, ഇംഗ്ലീഷുകാരനല്ല“, ഐഐഎമ്മില്‍ പോകുന്നതിനേക്കുറിച്ച് ധനുഷ് ട്വീറ്റ് ചെയ്തു.

ധനുഷിന്റെ ഭാര്യ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ‘ത്രി‘ എന്ന സിനിമയിലേതാണ് ഈ ഗാനം. ധനുഷും ശ്രുതിഹാസനുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക