എസ്എംഎസ് ‘തുരപ്പന്’ ഗൂഗിള്‍ വിലക്ക്

ഞായര്‍, 31 ഒക്‌ടോബര്‍ 2010 (14:01 IST)
PRO
PRO
സാങ്കേതിക കണ്ടെത്തലുകള്‍ എന്നും നല്ലതാണ്. എന്നാല്‍ ഇതില്‍ ചില കണ്ടെത്തലുകള്‍ മറ്റുള്ളവരെ തകര്‍ക്കാന്‍ ലക്‍ഷ്യമിട്ടുള്ളതുമാണ്. ഇത്തരത്തിലുള്ള ഒരു സാങ്കേതിക വിദ്യയെ വിലക്കാന്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ തീരുമാനിച്ചു. മറ്റുള്ളവരുടെ ടെക്സ്റ്റ് സന്ദേശങ്ങള്‍ തട്ടിയെടുത്ത് വായിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്റെ വില്‍പ്പനയാണ് ഗൂഗിള്‍ നിരോധിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സ്റ്റോര്‍ വഴി ലഭ്യമായിരുന്ന ഈ ആപ്ലിക്കേഷന്‍ ഇനി ലഭിക്കില്ല.

എസ് എം എസ് സീക്രട്ട് റിപ്ലിക്കേറ്റര്‍ എന്ന ആപ്ലിക്കേഷന്‍ നിരവധി ഉപയോക്താക്കളുടെ എസ് എം എസ് സേവനങ്ങള്‍ ദുരുപയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ ആപ്ലിക്കേഷന്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആന്‍ഡ്രോയില്‍ ഫോണ്‍ ആപ്ലിക്കേഷന്‍ സഹായത്തോടെ ടെക്സ്റ്റ് സന്ദേശങ്ങളുടെ പകര്‍പ്പെടുത്ത് തെരഞ്ഞെടുത്ത നമ്പറുകളിലേക്ക് അയച്ചുക്കൊടുക്കുന്നു.

വ്യക്തികള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ഈ ആപ്ലിക്കേഷന് സാധിക്കും. എന്നാല്‍ ഈ ഉല്‍പ്പന്നം കൊണ്ട് ഒരു നേട്ടവും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രഹസ്യവക്ക് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഈ ആപ്ലിക്കേഷന്‍ മറ്റുള്ളവരുടെ ഫോണുകളില്‍ അവരുടെ അറിവില്ലതെ ഉപയോഗിക്കാം. ഇതിലൂടെ അവരുടെ രഹസ്യ സന്ദേശങ്ങള്‍ എതിരാളികള്‍ക്ക് വായിക്കാനാകും.

ഫോണില്‍ പ്രത്യേകം ഐക്കണുകള്‍ ഒന്നുമില്ലാത്ത ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത് ആര്‍ക്കും കണ്ടെത്താനാകില്ല. എന്നാല്‍ ഇവര്‍ അറിയാതെ വിലപ്പെട്ട സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഡി എല്‍ പി മൊബൈലാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ഗൂഗിള്‍ സഹായത്തോടെ വില്‍പ്പന നടത്തിയിരുന്നത്. ‘ഒന്നും രഹസ്യമല്ല’ എന്ന തലവാചകത്തില്‍ വില്‍പ്പന നടത്തിയിരുന്ന ഈ ആപ്ലിക്കേഷന് കുറഞ്ഞ കാലം കൊണ്ട് വന്‍ ജനപ്രീതിയാണ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക