എന്റെ മന്ത്രിപ്പണി കളഞ്ഞത് ട്വിറ്റര്‍: ശശി തരൂര്‍

വ്യാഴം, 21 ഏപ്രില്‍ 2011 (17:33 IST)
PRO
PRO
വെറും 140 അക്ഷരങ്ങളില്‍ ഹൃദയവികാരം മുഴുവനും പ്രകടിപ്പിക്കാന്‍ കഴിയാത്തത് കാരണമാണ് തനിക്ക് മന്ത്രിപ്പണിയടക്കം പലതും നഷ്ടപ്പെട്ടതെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. കൊല്‍ക്കത്തയില്‍ ഒരു പരസ്യ ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരൂര്‍ തന്റെ അക്ഷരദുഖം വെളിപ്പെടുത്തിയത്. ട്വിറ്റര്‍ പോലുള്ള സാമൂഹികശൃംഖലാ സൈറ്റുകളില്‍ കുറഞ്ഞ വാക്കുകളില്‍ കാര്യം പറഞ്ഞുതീര്‍ക്കേണ്ടി വരുന്നത് വലിയ അപകടമുണ്ടാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ ട്വിറ്റര്‍ സന്ദേശത്തിന്റെ അക്ഷരപരിധി 140 ആണ്. വരുമാനപരിധി ലംഘിക്കുന്ന പോലെ രാഷ്ട്രീയക്കാര്‍ക്ക് ഈ പരിധി ലംഘിക്കാന്‍ വഴികളുമില്ല എന്ന് പറഞ്ഞ് രാഷ്ട്രീയക്കാരെ ഒന്ന് ചൊറിയാനും ശശി തരൂര്‍ മറന്നില്ല.

ഇതേ ദുഃഖം പ്രതിപക്ഷനേതാവ് സുഷമാ സ്വരാജിനും ഉണ്ടാകുമെന്ന് തരൂര്‍ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. അവരുടെ ചില ട്വിറ്റര്‍ അഭിപ്രായങ്ങള്‍ സംബന്ധിച്ചും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ‘മിക്കവാറും കേസുകളില്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാകാറാണ് പതിവ്’ - തരൂര്‍ പറഞ്ഞു.

പരമ്പരാഗത മാധ്യമങ്ങളും ട്വിറ്റര്‍ പോലുള്ള നവമാധ്യമങ്ങളും തമ്മിലുള്ള ബന്ധം രാജ്യത്ത് വളരെ സുഖകരമല്ലാത്തതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ട്വിറ്ററില്‍ പറയുന്ന പല കാര്യങ്ങളും വിരുദ്ധാര്‍ത്ഥത്തിലാണ് ആളുകളിലേക്ക് എത്തുന്നതെന്നതെന്നതും പ്രശ്നമുണ്ടാക്കുന്നു. ട്വിറ്ററില്‍ താന്‍ പറഞ്ഞ തമാശകളൊന്നും ശരിയായി പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. പലതും എഴുതിയ തന്നെപ്പോലും കരയിക്കുകയും ചെയ്തുവെന്നും തരൂര്‍ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക