ഇന്ത്യയില്‍ വനിതാ ഐഐടിയും

PROPRO
രാജ്യത്ത് ഐ ഐ ടികളുടെ സംഖ്യ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ഐ ഐ ടികളിലെ സിറ്റ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുമെല്ലാം തിരക്കേറിയ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെ രാജ്യത്തെ ആദ്യ വനിത ഐ ഐ ടിക്ക് സാധ്യത തെളിയുന്നു. രാഷ്‌ട്രപതി പ്രതിഭാപാട്ടീലിന്‍റെ ജന്‍‌മസ്ഥലമായ മഹാരാഷ്‌ട്രയിലെ അമരാവതിയിലാണ് പ്രഥമ വനിത ഐ ഐ ടി വരുന്നത്. സെയിന്‍റ് ഗാഡ്ജെബാബ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കമല്‍ സിംഗാണ് അമരാവതിയില്‍ വനിത ഐ ഐ ടി തുടങ്ങണമെന്ന ആശയം മുന്നോട്ട് വച്ചത്.

രാഷ്‌ട്രപതി പ്രതിഭാപാട്ടീല്‍ ഇത് ഏറ്റെടുക്കുകയും തുടര്‍ നടപടികള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു. വനിതാ ഐ ഐ ടി ആരംഭിക്കാനുള്ള നിര്‍ദേശം ആസൂത്രണ ബോര്‍ഡ് മുഖാന്തിരം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രധാനമന്ത്രിയുടെ കാര്യാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് മാനവവിഭവ ശേഷി മന്ത്രാലയം പദ്ധതി സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയത്. ആസൂത്രണ കമ്മീഷന്‍ പദ്ധതി അംഗീകരിക്കുന്നതോടെ പ്രധാനമന്ത്രിയുടെ കാര്യാലയവും ഇതിന് പച്ചക്കൊടി കാണിക്കുമെന്നാണ് അറിയുന്നത്. രാഷ്‌ട്രപ്തിയുടെ ശിപാര്‍ശയോടെയാണ് ഐ ഐ ടിക്കുള്ള അപേക്ഷ മാനവവിഭവശേഷി മന്ത്രാലയത്തിന് നല്‍കിയിട്ടുള്ളത്.

രാഷ്‌ട്രപ്തി ഇക്കാര്യത്തില്‍ കൂടുതലായി ഇടപെട്ടിട്ടില്ലെന്ന് അവരുടെ ഭര്‍ത്താവ് ദേവി സിംഗ് ഷെഖാവത്ത് അവകാശപ്പെട്ടു. എന്നാല്‍ അമരാവതിയില്‍ വനിത ഐ ഐ ടി തുടങ്ങണമെന്ന കാര്യത്തില്‍ രാഷ്‌ട്രപതിക്ക് പ്രത്യേക താത്പര്യം ഉണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കിയതെന്നാണ് സൂചന.

രാജ്യത്തെ ഐ ഐ ടികളില്‍ സ്ത്രീ സാന്നിധ്യം കുറയുന്നതിലുള്ള ആശങ്ക രാഷ്‌ട്രപതി പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രി അര്‍ജുന്‍‌സിംഗുമായും പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമരാവതിയിലെ വനിത ഐ ഐ ടിയെകുറിച്ച് രാഷ്‌ട്രപതി പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. ഇതോടെ പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാരംഭം കുറിയ്ക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക