മൊബൈല്‍ വഴി അശ്ലീല സന്ദേശമയക്കുന്ന ചൈനക്കാര്‍ ശ്രദ്ധിക്കണം, പിടിക്കപ്പെട്ടാല്‍ മൊബൈല്‍ നമ്പര്‍ റദ്ദാക്കും. മൊബൈല്‍ വഴിയുള്ള അശ്ലീലം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പിടിക്കപ്പെടുന്ന നമ്പറുകള്‍ റദ്ദാക്കാര്‍ സര്‍ക്കാര്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഷങ്കൈയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കിയിട്ടുണ്ട്. അശ്ലീല ലഘുസന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ കൈമാറ്റം ചെയ്യുന്നവര്‍ക്കെതിരെ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ചൈന മൊബൈല്‍ ഇത്തരത്തില്‍ വരിക്കാരുടെ ഓരോ എസ് എം എസുകളും പരിശോധിച്ച് വരികയാണ്. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വിപണിയായ ചൈനയില്‍ ഇത്തരത്തില്‍ എസ് എം എസ് നിരീക്ഷിക്കുക ഏറെ പ്രയാസമാണെന്ന് ചൈന മൊബൈല്‍ വക്താവ് പറഞ്ഞു. ഇത്തരത്തില്‍ അശ്ലീല എസ് എം എസുകള്‍ അയക്കുന്ന മൊബൈല്‍ വരിക്കാരെ കണ്ടെത്തി പൊലീസിന് വിവരം നല്‍കുകയാണ് ചെയ്യുന്നത്. പിന്നീട് കൂടുതല്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ വേണ്ട നിയമനടപടി കൈക്കൊള്ളും.
അശ്ലീല സന്ദേശമയക്കുന്ന വരിക്കാരുടെ മൊബൈല്‍ നമ്പര്‍ റദ്ദാക്കുകയാണ് ആദ്യ ചെയ്യുന്നതെന്നും പിന്നീട് വിവരം പോലീസിന് കൈമാറുമെന്നും ചൈന മൊബൈല്‍ വ്യക്തമാക്കി.
ചൈനയില്‍ കമ്പ്യൂട്ടര്‍ വഴിയുള്ള അശ്ലീല അന്വേഷണത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മൊബൈല്‍ നെറ്റ് നിയന്ത്രണം ഭാഗികം മാത്രമാണ്. രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളൊക്കെ അശ്ലീലത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൊബൈല്‍ അശ്ലീലം ലഭ്യമാക്കാനുള്ള വാപ് സൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന രാജ്യമാണ് ചൈന.
അതിനാല്‍ തന്നെ ഇന്റര്‍നെറ്റ് നിയന്ത്രണം നടപ്പിലാക്കിയ പോലെ മൊബൈല്‍ നെറ്റിനും പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയാലെ സെല്‍ഫോണ്‍ അശ്ലീലം നീക്കം ചെയ്യാന്‍ സാധിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, നെറ്റ് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ബ്ലൂടൂത്ത് പോലുള്ള മൊബൈല്‍ രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗണ്യമായി വിതരണം ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ചൈനയില്‍ മൊത്തം 650 ദശലക്ഷം സെല്‍ഫോണ്‍ ഉപയോക്താക്കളില്‍ 50 ദശലക്ഷം സിം കാര്‍ഡുകളും ഉപയോഗിക്കുന്നത് സ്കൂള്‍ വിദ്യാര്‍ഥികളാണ്. മൊബൈല്‍ സാങ്കേതികതയ്ക്ക് പേരുകേട്ട ചൈന വിപണിയിലിറക്കുന്ന സെറ്റുകളിലെല്ലാം നെറ്റ് സേവനവും ലഭ്യമാണ്.