അഴിമതി തടയുവാനുള്ള ലോക്പാല്‍ ബില്ല് കൊണ്ടുവരുന്ന കാര്യത്തില്‍ കടുംപിടിത്തമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിര്‍ജ്ജീവമാണെന്നൊന്നും ആരും പറയില്ല. വളരെ നിര്‍ണായകമായ ചില ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രമിപ്പോള്‍. രാഷ്ട്രീയക്കാര്‍ അഴിമതി നടത്തി രാജ്യത്തെ കൊള്ളയടിക്കുന്നതിനേക്കാള്‍ വലിയ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട് എന്നത് സത്യം. അവയിലൊന്ന് ഇല്ലാതാക്കുവാനായി പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. യുവാക്കള്‍ കഫേയില്‍ പോയിരുന്ന് അശ്ലീല സൈറ്റുകള്‍ കാണുന്നത് ഇന്നത്തെ തലമുറ നേരിടുന്ന വിപത്തുകളില്‍ ഒന്നാകുന്നു. ഇതിനെതിരായാണ് അടുത്ത യുദ്ധം. അന്നാ ഹസാരയെപ്പോലുള്ളവര്‍ ഈ വഴിക്ക് ശ്രദ്ധ തിരിക്കുന്നത് നന്നായിരിക്കുമെന്ന് മന്മോഹന്‍ സര്‍ക്കാര്‍ ഉപദേശം നല്‍കാനിടയുണ്ട്.
എന്തായാലും ഇനി കഫേയില്‍ പോയിരുന്ന് ദേശി പോണ്‍ കാണാമെന്ന് ആരും കരുതേണ്ട. പുതിയ ചട്ടം വരുന്നതോടെ അവയെല്ലാം കര്‍ശനമായി തടയപ്പെടും. രാജ്യത്തെ യുവാക്കളുടെ സമയമപഹരിച്ച് വളര്‍ച്ചാനിരക്ക് കുറയ്ക്കുന്നതില്‍ കഫേകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മന്മോഹനന്റെ ശിഷ്യനായ സച്ചിന്‍ പൈലറ്റ് മനസ്സിലാക്കുന്നു. “സൈബര്‍ കഫേകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍” എന്ന നിലയ്ക്കാണ് ചട്ടം പുറപ്പെടുവിക്കുക. സര്‍ഫ് ചെയ്യാന്‍ വരുന്നവര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് കഫേ ഉടമകള്‍ക്ക് ഇത് നിര്‍ദ്ദേശം നല്‍കുന്നു.
അതേസമയം ഇതിന് നിയമപരമായി വലിയ സാധുത ഇല്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ പോര്‍ണോഗ്രഫി കുറ്റകൃത്യമല്ല എന്നതാണിതിന് കാരണം. ബാലലൈംഗികത ഇല്ലാത്ത ഏത് സൈറ്റ് സന്ദര്‍ശിക്കുന്നതിനും നിയമപരമായ വിലക്കില്ലാത്തതിനാല്‍ കഫേ ഉടമകള്‍ക്ക് പുതിയ ചട്ടം അനുശാസിക്കുന്ന നിബന്ധന സന്ദര്‍ശകര്‍ക്കുമുമ്പില്‍ വയ്ക്കാനാവില്ല.
ഏപ്രില്‍ 11ന് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സൈബര്‍ കഫേകള്‍ സന്ദര്‍ശക രജിസ്റ്ററുകള്‍ സൂക്ഷിക്കേണ്ടത് കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇതോടൊപ്പം പോണ്‍ സൈറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യാനുള്ള സോഫ്റ്റുവെയറുകളും സൂക്ഷിക്കണമെന്നാണ് മറ്റൊരു നിര്‍ബന്ധം.