ദീപാവലിക്ക് അഗ്നിയുദ്ധം!

WDWD
മറ്റൊരു ദീപാവലിയും കൂടി കടന്നു പോയി. പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളും പൂത്തിരികളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയുമെല്ലാം മാഞ്ഞു കഴിഞ്ഞു. ഇതൊക്കെ സാധാരണ ആഘോഷങ്ങളുടെ കാര്യം. അവിശ്വസനീയമായ മറ്റൊരു ആഘോഷത്തെ കുറിച്ചാണ് ഇനി പറയാന്‍ പോവുന്നത്.

ഈ ആഴ്ചയിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ വ്യത്യസ്തവും അപകടകരവുമായ ഒരു ദീപാവലി ആഘോഷത്തെ കുറിച്ചാണ് വെബ്‌ദുനിയ പറയുന്നത്. മധ്യപ്രദേശിലെ ചെറുഗ്രാമമായ ഗൌതം‌പുരയിലെ ദീപാവലി ആഘോഷത്തെ നമുക്ക് ഒന്ന് അടുത്തുകാണാം. ഇത് ആഘോഷമാണോ? യുദ്ധം തന്നെയല്ലേ ഇവിടെ നടക്കുന്നത്.

ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഗൌതം‌പുര. ഇവിടെ ദീപാവലിക്ക് പരമ്പരാഗതമായി നടന്ന് വരുന്ന ‘ഹിന്‍‌ഗോട്’ എന്ന മത്സരത്തെ കുറിച്ചാണ് പറയുന്നത്. മത്സരമെന്ന പേരേ ഉള്ളൂ. യുദ്ധം തന്നെയാണ് നടക്കുന്നതെന്ന് കണ്ടാല്‍ മനസ്സിലാക്കാനാകും. പോരാട്ടത്തിനിടയ്ക്ക് പങ്കെടുക്കുന്നവര്‍ക്ക് പരിക്കേല്‍ക്കുമെങ്കിലും വാശി കൈവെടിയാതെ പോരാട്ടം തുടരുകയാണ് പതിവ്.

WDWD
മത്സരം നടക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ഗ്രാമീണര്‍ ഹിന്‍‌ഗോട് എന്ന ‘ഫലം’ ശേഖരിക്കാന്‍ ആരംഭിക്കും. മുള്ളുകളുള്ള ഒരു തരം കുറ്റിച്ചെടിയിലാണ് ഈ ഫലം ഉണ്ടാകുന്നത്.പിന്നീട് ഈ ഫലത്തിന്‍റെ പൊള്ളയായ തോടില്‍ വെടിമരുന്ന് നിറയ്ക്കുകയും മുളം കമ്പും കളിമണ്ണും നൂലുകളുമുപയോഗിച്ച് കെട്ടുകയും ചെയ്യുന്നു.

WDWD
ഹിന്‍‌ഗോട് തയ്യാറാകി കഴിഞ്ഞാല്‍ പിന്നെ ദീപാവലി കഴിഞ്ഞുള്ള ദിവസത്തിനായി ഉള്ള കാത്തിരിപ്പാണ്. ഈ ദിവസത്തിലാണ് ഹിന്‍‌ഗോട് യുദ്ധം നടക്കുന്നത്. മത്സരിക്കാന്‍ തയാറാകുന്നവരെ രണ്ട് സംഘങ്ങളാ‍യി തിരിക്കുന്നു. ‘കലംഗ’ ‘തുറ’ എന്നീ പേരുകളിലാണ് ഈ സംഘങ്ങള്‍ അറിയപ്പെടുന്നത്.

മത്സരത്തില്‍ ഇരു സംഘങ്ങളും പരസ്പരം വെടിമരുന്ന് നിറച്ച ഹിന്‍‌ഗോടുകള്‍ എറിയുന്നു. ഓരോ വര്‍ഷവും 40 മുതല്‍ 50 വരെ ആളുകള്‍ക്ക് പരുക്കേല്‍ക്കാറുണ്ട്. എന്നാല്‍ ജനങ്ങളുടെ ഉത്സാഹത്തിന് കുറവൊന്നുമില്ല. ജോലിക്കും പഠനത്തിനുമായി ഗ്രാമം വിട്ട് പോയവര്‍ പോലും ഈ അവസരത്തില്‍ മടങ്ങിയെത്തുന്നു.

ഈ ആഘോഷം എന്നാണ് തുടങ്ങിയതെന്നതിനെ കുറിച്ച് അറിവൊന്നുമില്ല. മത്സര പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥന നടത്തുന്നു. പിന്നെ അവസാന ഹിന്‍‌‌ഗോടും തീരുംവരെ മത്സരം ഇടതടവില്ലാതെ തുടരും.

WDWD
ഗ്രാമത്തില്‍ പരമ്പരാ‍ഗതമായി ഈ ആചാരം നിലനില്‍ക്കുന്നതായി ഗ്രാമവാസിയായ കൈലാസ് പറയുന്നു. 20 വര്‍ഷമായി താന്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. നിരവധി തവണ പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും ഇന്നും ഹിന്‍‌ഗോട് യുദ്ധം ആവേശമാണ് കൈലാസിന്.

WDWD
ദീപാവലിക്ക് ഒരു മാസം മുമ്പ് മുതല്‍ ഹിന്‍‌ഗോടുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചതായി മത്സരത്തില്‍ പങ്കെടുക്കുന്ന രാജേന്ദ്ര കുമാര്‍ പറയുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ഈ മത്സരത്തില്‍ പങ്കെടുത്ത ഇയാള്‍ക്ക് മുഖത്ത് മുന്ന് തുന്നലുകള്‍ വേണ്ടി വന്നിരുന്നു.

ഈ മത്സരം അപകടകരമെന്ന് മാത്രമല്ല ഹിന്‍‌ഗോടുകള്‍ നിര്‍മ്മിക്കുന്നതും ആപത്കരമാണ്. പരിചയമില്ലാത്ത ആളാണ് ഹിന്‍‌ഗോടില്‍ വെടി മരുന്ന് നിറയ്ക്കുന്നതെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കാം. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് മത്സരിക്കുന്നവര്‍ മദ്യപിക്കുകയും ചെയ്യുന്നു. ഇതും അപകടത്തിന് പ്രധാന കാരണമാവുന്നു.

WDWD
മത്സരം പ്രമാണിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഗ്രാമത്തില്‍ ദ്രുതകര്‍മ്മ സേനയെയും പൊലീസിനെയും വിന്യസിക്കാറുണ്ട്. പുതിയ വേഷവും മറ്റും ധരിച്ചാണ് ഗ്രാമീണര്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നതെങ്കിലും ആഘോഷം ചിലപ്പോള്‍ അവര്‍ക്ക് ദുഖവും സമ്മാനിക്കാറുണ്ട്. ഈ ആഘോഷത്തെ കുറിച്ച് നിങ്ങള്‍ക്കെന്താണ് അഭിപ്രായം?

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ജീവന് ഭീഷണി ഉയര്‍ത്തുന്ന പരമ്പരാഗത ആഘോഷങ്ങള്‍