തുടർച്ചയായ രണ്ടാം അർധസെഞ്ചുറി, ഈ കണക്കുകൾ കാണാതിരിക്കാനാകില്ല

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (12:57 IST)
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസ് നടത്തി രാജസ്ഥാൻ റോയൽസ് റെക്കോഡ് ബുക്കിൽ ഇടം പിടിക്കുമ്പോൾ അതിന്റെ അമരത്ത് മലയാളി താരം സഞ്ജു സാംസൺ ആയിരുന്നു എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഒപ്പം ഇന്ത്യൻ ടീമിലേക്കുള്ള തന്റെ യോഗ്യതയെ ചോദ്യം ചെയ്‌തവർക്കുള്ള സഞ്ജുവിന്റെ മറുപടി കൂടിയാണ് തുടർച്ചയായ അർധസെഞ്ചുറി പ്രകടനങ്ങൾ.
 
ഷാർജയിൽ സഞ്ജുവിന്റെ പ്രകടനം മറ്റൊരു ഡെസേർട്ട് സ്റ്റോം തന്നെയായിരുന്നു. 223 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാൻ ലക്ഷ്യത്തിലേക്കടുത്തത് സഞ്ജുവെന്ന പാലം വഴിയായിരുന്നു. കോട്രലിനെ കടന്നാക്രമിച്ച് മൂന്നാം ഓവറില്‍ തുടക്കം. രവി ബിഷ്നോയുടെ ബൌണ്ടറി കടത്തിയതോടെ ഐപിഎല്ലില്‍ 100 സിക്‌സറുകൾ എന്ന വ്യക്തിഗത നേട്ടം. നീഷാമിനെയും,മുരങ്കൻ അശ്വിനെയും മാക്‌സ്‌വെല്ലിനെയും അനായാസം നേരിട്ട് 27 പന്തിൽ അർധസെഞ്ചുറി. സ്മിത്തിന് പകരക്കാരനായിറങ്ങിയ തേവാട്ടിയ റൺസ് കണ്ടെത്താൻ വിഷമിച്ചതോടെ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത് മാക്സ്‌വെല്ലിനെ തുടരെ 3 സിക്‌സറുകൾ പറത്തി രാജസ്ഥാന് കളിയിലേക്കുള്ള തിരിച്ചുവരവും ഒരുക്കിയാണ് മത്സരത്തിൽ സഞ്ജു അടിയറവ് പറഞ്ഞത്.
 
ഒരൊറ്റ കളിയിൽ തിളങ്ങുന്ന കളിക്കാരൻ മാത്രമല്ലെ സഞ്ജു എന്ന വിമർശകരുടെ ചോദ്യത്തിന് മുഖത്തേറ്റ പ്രഹരം. അതേസമയം സഞ്ജുവിന്റെ തുടർച്ചയായുള്ള ഗെയിം ചേഞ്ചിംഗ് ഇന്നിങ്‌സുകൾ സെലക്‌ടർമാർക്ക് ഇനി അവഗണിക്കാനാകില്ല. ധോണിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരം മുറുകുമ്പോളാണ് തന്റെയൊപ്പം മത്സരത്തിലുള്ള ഋഷഭ് പന്തിനെ കാഴ്‌ച്ചക്കാരനാക്കി സഞ്ജു നേട്ടങ്ങൾ കൊയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article