Marcus Stoinis: ഋതുരാജിന്റെ സെഞ്ചുറിയെ സൈഡാക്കി സ്‌റ്റോയ്‌നിസ് താണ്ഡവം; ചെപ്പോക്കില്‍ ചെന്നൈയുടെ കിളി പാറി !

രേണുക വേണു

ബുധന്‍, 24 ഏപ്രില്‍ 2024 (08:26 IST)
Stoinis

Marcus Stoinis: അസാധ്യമെന്ന് തോന്നിയ വിജയലക്ഷ്യം വളരെ കൂളായി മറികടന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അവരുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റ് ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ മര്‍കസ് സ്റ്റോയ്‌നിസാണ് കളിയിലെ താരം. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. ലഖ്‌നൗ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. സ്‌റ്റോയ്‌നിസ് വെറും 63 പന്തില്‍ 13 ഫോറും ആറ് സിക്‌സും സഹിതം 124 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സ്റ്റോയ്‌നിസ് സിക്‌സ് പറത്തി. തൊട്ടടുത്ത പന്തില്‍ ഫോര്‍. മൂന്നാം പന്തിലും ഫോര്‍ അടിച്ചതോടെ കളി പൂര്‍ണമായി ലഖ്‌നൗവിന്റെ കൈകളില്‍ ആയി. ഒപ്പം ആ പന്ത് നോ ബോള്‍ വിളിക്കുക കൂടി ചെയ്തു. ഫ്രീ ഹിറ്റ് പന്തിലും ഫോര്‍ അടിച്ച് സ്റ്റോയ്‌നിസ് മാസ് ഹീറോയായി..! നിക്കോളാസ് പൂറാന്‍ 15 പന്തില്‍ 34 റണ്‍സ് നേടിയപ്പോള്‍ ദീപക് ഹൂഡ ആറ് പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
നേരത്തെ ചെന്നൈയ്ക്കു വേണ്ടി നായകന്‍ ഋതുരാജ് ഗെയ്ക്വാദും സെഞ്ചുറി നേടിയിരുന്നു. ഗെയ്ക്വാദിന്റെ സെഞ്ചുറിയെ ഒന്നുമല്ലാതാക്കുന്ന കിടിലന്‍ ഇന്നിങ്‌സായിരുന്നു സ്‌റ്റോയ്‌നിസിന്റേത്. ഗെയ്ക്വാദ് 60 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 108 റണ്‍സുമായി പുറത്താകാതെ നിന്നു. ശിവം ദുബെ 27 പന്തില്‍ 66 റണ്‍സ് നേടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍