സ്റ്റോയിനിസ് ഷോ, മായങ്കിന്റെ മറുപടി, റബാദ മാജിക്ക് : ത്രില്ലടിപ്പിച്ച് പഞ്ചാബ് ഡൽഹി മത്സരം

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:04 IST)
പതിമൂന്നാമത് ഐപിഎൽ സീസണിൽ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ വിജയം ഡൽഹി ക്യാപിറ്റൽസിന്. നിശ്ചിത ഓവറിൽ ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും 157 റണ്‍സുമായി തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സ്റ്റോയിനിസിന്റെ ബലത്തിൽ ഡൽഹി ഉയർത്തിയ വിജയലക്ഷ്യത്തിന് മായങ്ക് അഗർവാളിലൂടെ മറുപടി  നൽകിയെങ്കിലും പഞ്ചാബിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. സൂപ്പർ ഓവറിൽ റാബാദയുടെ മാന്ത്രിക പ്രകടനത്തോടെ ഡൽഹി വിജയം സ്വന്തമാക്കുകയും ചെയ്‌തു.
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സാണ് നേടിയത്. മത്സരത്തിൽ മുഹമ്മദ് ഷമി കൊടുങ്കാറ്റായി ആഞ്ഞടിച്ചതോടെ ഡൽഹി മുൻനിര ചീട്ട്‌കൊട്ടാരം പോലെ തകർന്നു.പിന്നീടു ചേര്‍ന്ന ശ്രേയസ് അയ്യര്‍(39), റിഷഭ് പന്ത്(31) എന്നിവര്‍ ചെറുത്തുനില്‍പ് കാട്ടിയെങ്കിലും അരങ്ങേറ്റക്കാരൻ രവി ബിഷ്‌ണോയ് ഈ കൂട്ടുകെട്ട് തകർത്തു. തുടർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച സ്റ്റോയിനിസാണ് ഡൽഹിയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. സ്റ്റോയിനിസ് 21 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 53 റണ്‍സെടുത്തു.
 
മറുപറ്റി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം പാളിയെങ്കിലും മായങ്ക് അഗർവാളിലൂടെ പഞ്ചാബ് മറുപടി നൽകി. മായങ്ക് 60 പന്തുകളിൽ നിന്നും 89 റൺസെടുത്തു.എന്നാൽ മത്സരത്തിൽ സ്റ്റോയിനിസിന്‍റെ അവസാന ഓവറിലെ രണ്ട് പന്തിലും വിക്കറ്റ് നഷ്‌ടപ്പെടുത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തി. സൂപ്പർ ഓവറിൽ പക്ഷേ കാത്തിരുന്നത് റബാദയുടെ മാജിക്കൽ ഓവറായിരുന്നു.സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെടുത്ത റബാഡ മൂന്ന് പന്തിനിടെ രണ്ട് റൺസ്  മാത്രം നൽകി കെഎൽ രാഹുലിനെയും നിക്കോളാസ് പൂറാനെയും കൂടാരം കയറ്റി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് പിന്നെ ചടങ്ങുകൾ പൂർത്തിയാക്കുവാൻ മാത്രമെ ഉണ്ടായിരുന്നുള്ളു.

അനുബന്ധ വാര്‍ത്തകള്‍

Next Article