ഇങ്ങനെ കളിച്ചാല്‍ കപ്പ് കിട്ടില്ല! കോലിയുടെ ആര്‍സിബി നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇതെല്ലാം

ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (11:00 IST)
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ മോശം പ്രകടനം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. മത്സരത്തില്‍ ഒരു സമയത്ത് പോലും കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കാന്‍ ആര്‍സിബിക്ക് സാധിച്ചില്ല. ടീം എന്ന നിലയില്‍ ആര്‍സിബി ഒത്തൊരുമയിലേക്ക് വന്നിട്ടില്ല എന്നതാണ് കോലി നേരിടുന്ന ആദ്യ പ്രതിസന്ധി. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഇത് പ്രകടമായിരുന്നു. 
 
ആര്‍സിബിയുടെ മധ്യനിര ദുര്‍ബലമാണ്. ആദ്യ നാല് വിക്കറ്റുകള്‍ നഷ്ടമായാല്‍ പിന്നീട് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ളവര്‍ ആര്‍സിബിയുടെ മധ്യനിരയില്‍ ഇല്ല. വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എ.ബി.ഡിവില്ലിയേഴ്‌സ് എന്നിവരെ ആശ്രയിച്ച് മാത്രമാണ് ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡ് ചലിക്കുന്നത്. ഇവര്‍ നാല് പേര്‍ അതിവേഗം കൂടാരം കയറിയാല്‍ പിന്നീട് റണ്‍സ് ഉയരാത്ത സാഹചര്യം. 
 
മറ്റ് ടീമുകളെ പോലെ ലോകോത്തര ഓള്‍റൗണ്ടര്‍മാരുടെ അഭാവവും ആര്‍സിബിക്ക് തിരിച്ചടിയാണ്. ആന്ദ്രേ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ്, രവീന്ദ്ര ജഡേജ, മര്‍കസ് സ്റ്റോയ്‌നിസ് പോലുള്ള മികച്ച ഓള്‍റൗണ്ടര്‍മാരാണ് മറ്റ് ടീമുകളില്‍ കളിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ആര്‍സിബി വളരെ പിന്നിലാണ്. ഓള്‍റൗണ്ടര്‍മാരുടെ അഭാവം ആര്‍സിബിയുടെ തകര്‍ച്ചയില്‍ കൃത്യമായി നിഴലിക്കുന്നു. 
 
അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ കഴിയാത്ത ഓപ്പണിങ് കൂട്ടുകെട്ടും ആര്‍സിബിക്ക് തിരിച്ചടിയാണ്. ക്രീസില്‍ അല്‍പ്പം സ്റ്റാന്‍ഡ് ചെയ്ത ശേഷം മാത്രം ആക്രമിച്ചു കളിക്കുന്ന ശീലമുള്ളവരാണ് ആര്‍സിബി ഓപ്പണര്‍മാരായ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും. ആദ്യ ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിക്കാത്തവരാണ് രണ്ട് പേരും. ഇതും ടീമിന്റെ സ്‌കോറിങ്ങില്‍ തിരിച്ചടിയാകുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍