ഐപിഎല്‍ താരലേലം അവസാനിക്കുമ്പോള്‍ ടീമുകളെല്ലാം തന്നെ തങ്ങളുടെ സ്‌ക്വാഡ് മെച്ചപ്പെടുത്തിയപ്പോള്‍ താരലേലത്തില്‍ ഏറ്റവും ദയനീയമായ പ്രകടനം കാഴ്ചവെച്ചത് രാജസ്ഥാന്‍ റോയല്‍സ് ആയിരുന്നു. ജോസ് ബട്ട്ലര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍ തുടങ്ങി കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാനതാരങ്ങളെയെല്ലാം കൈവിട്ട രാജസ്ഥാന് ഇത്തവണ ഓള്‍ റൗണ്ടര്‍ സ്ലോട്ടിലേക്കോ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍(ഹിറ്റര്‍) സ്‌പോട്ടിലേക്കോ നിലവാരമുള്ള വിദേശതാരങ്ങളെ കൊണ്ടുവരാനായില്ല. നിതീഷ് റാണയെ ടീമിലെടുത്തത് ശക്തിവര്‍ധിപ്പിക്കുമെങ്കിലും മുഖ്യതാരങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റാല്‍ രാജസ്ഥാന്‍ എന്ന കപ്പല്‍ മുങ്ങുമെന്ന് ഉറപ്പാണ്.
ഐപിഎല്‍ 2025ന് മുന്‍പായുള്ള റിട്ടെന്‍ഷനില്‍ താരങ്ങളെ തിരെഞ്ഞെടുത്ത രീതിയാണ് രാജസ്ഥാന് വലിയ പണി നല്‍കിയത്. സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് 18 കോടി മുടക്കിയപ്പോള്‍ ധ്രുവ് ജുറല്‍,ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍,റിയാന്‍ പരാഗ് എന്നിവര്‍ക്കും വലിയ സംഖ്യ തന്നെയാണ് ടീം മുടക്കിയത്. റിട്ടെന്‍ഷന്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നെങ്കില്‍ 10 കോടിയ്ക്ക് താഴെ ലഭിക്കുമായിരുന്ന 2 ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍ എന്നിവരെ ടീം നിലനിര്‍ത്തിയപ്പോള്‍ താരലേലത്തിനായി വെറും 41 കോടി രൂപമാത്രമാണ് രാജസ്ഥാനുണ്ടായത്.
ഇന്ത്യന്‍ ബാറ്റര്‍മാരെ കൊണ്ട് നിറഞ്ഞ രാജസ്ഥാനില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍, ഓള്‍ റൗണ്ടര്‍, ബൗളര്‍മാര്‍ എന്നിവരെയാണ് ആവശ്യമായിരുന്നത്. വാനിന്ദു ഹസരങ്ക, മഹീഷ തീക്ഷണ എന്നിവരിലൂടെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച രാജസ്ഥാന്‍ ബൗളറായി 12.5 കോടി മുടക്കി ജോഫ്ര ആര്‍ച്ചറിനെ തിരിച്ചെത്തിച്ചിരുന്നു. ആകാശ് മധ്വാളിനെ 1.2 കോടി മുടക്കിയും ഫസല്‍ ഹഖ് ഫാറൂഖിയെ 2 കോടി മുടക്കിയും രാജസ്ഥാന്‍ ടീമിലെത്തിച്ചു. ആകാശ്ദീപ് സിംഗ്, മുകേഷ് കുമാര്‍ എന്നിങ്ങനെ നിലവില്‍ തിളങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ 8 കോടിയ്ക്ക് ലഭ്യമായിരുന്നപ്പോഴാണ് 12.5 കോടി ആര്‍ച്ചര്‍ക്കായി രാജസ്ഥാന്‍ മുടക്കിയത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ നവീന്‍ ഉള്‍ ഹഖിനെ 1.5 കോടിക്കും സാം കരനെ 2.4 കോടിക്കും ലഭ്യമായ സാഹചര്യത്തിലായിരുന്നു ഈ നീക്കം.
ഓള്‍ റൗണ്ടര്‍ സ്ലോട്ടില്‍ ആരും ഇല്ലാതിരുന്നിട്ടും സാം കരന്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങളില്‍ ആരെയും വിളിച്ചെടുക്കാന്‍ രാജസ്ഥാന്‍ തയ്യാറായില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഒരു വിദേശതാരത്തെ പോലും രാജസ്ഥാന്‍ വിളിച്ചെടുത്തില്ല. നിലവില്‍ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, നിതീഷ് റാണ, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാരുണ്ടെങ്കിലും ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്ന സ്ഥിതിയില്‍ ടീമിന്റെ ചുമതല ഏല്‍പ്പിക്കാവുന്ന തരത്തില്‍ കഴിവ് തെളിയിച്ച ആരും തന്നെ രാജസ്ഥാന്‍ ടീമിലില്ല. ജോസ് ബട്ട്ലറെ പോലെ ഒരു താരം ടീമിന് നല്‍കുന്ന ആത്മവിശ്വാസം നല്‍കാനും ഇത്തവണ ടീമില്‍ ആളില്ല. അതിനാല്‍ തന്നെ അടുത്ത ഐപിഎല്ലില്‍ ഏതെങ്കിലും താരത്തിന് പരിക്കേല്‍ക്കുകയാണെങ്കില്‍ രാജസ്ഥാന്‍ എന്ന കപ്പല്‍ മുങ്ങുമെന്ന് ഉറപ്പാണ്.