ഐപിഎല്‍ 15-ാം സീസണില്‍ വളരെ മോശം തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന്റേത്. മുന്‍ സീസണുകളില്‍ ഇതുപോലെ മോശം തുടക്കം ഉണ്ടായ ശേഷം കിരീടം ചൂടിയ ചരിത്രം പോലും ഉണ്ടെങ്കിലും ഇത്തവണ അങ്ങനെയുള്ള അത്ഭുതങ്ങള്‍ ആരും പ്രതീക്ഷിക്കുന്നില്ല. എല്ലാ അര്‍ത്ഥത്തിലും മുംബൈ ഇന്ത്യന്‍സ് ടീം ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. മെഗാ താരലേലത്തിനു ശേഷം ഒട്ടും സന്തുലിതമല്ല ഈ ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും കുറവുകള്‍ ഒരുപാട് ഉണ്ട്.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സ് ഇതുവരെ തോറ്റു. ടീമിലെ വമ്പന്‍മാര്‍ക്ക് പോലും അടിപതറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നായകന്‍ രോഹിത് ശര്‍മ ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. പവര്‍പ്ലേയില്‍ റണ്‍സ് അടിച്ചുകൂട്ടേണ്ട സമയത്ത് പോലും ബോള്‍ പാഴാക്കുന്ന രോഹിത്തിനെയാണ് കഴിഞ്ഞ മൂന്ന് കളികളിലായി കണ്ടത്. കോടികള്‍ കൊടുത്ത് വിളിച്ചെടുത്ത ഇഷാന്‍ കിഷന്‍ ബാറ്റിങ്ങില്‍ വിചാരിച്ച പോലെ തിളങ്ങുന്നില്ല എന്നു മാത്രമല്ല കീപ്പിങ്ങില്‍ ശരാശരി പ്രകടനം മാത്രമാണ് നടത്തുന്നത്.
മുംബൈയുടെ ബൗളിങ് നിരയാണ് അടപടലം പരാജയപ്പെടുന്നത്. ട്രെന്റ് ബോള്‍ട്ടിന്റെ വിടവ് നികത്താന്‍ മറ്റൊരു മികച്ച ബൗളര്‍ മുംബൈ സ്‌ക്വാഡില്‍ ഇല്ല. താരലേലത്തില്‍ മറ്റ് ടീമുകളൊന്നും ലക്ഷ്യം വയ്ക്കാത്ത ബേസില്‍ തമ്പിയും ഡാനിയല്‍ സാംസും മുംബൈയുടെ പ്രധാന ബൗളര്‍മാരാണ്. ഇവരില്‍ നിന്ന് വേണ്ടത്ര പിന്തുണ ജസ്പ്രീത് ബുംറയ്ക്ക് കിട്ടുന്നില്ല. സാംസും ബേസിലും പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ബുംറയ്ക്ക് അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം കൂടുതലാണ്. കിറോണ്‍ പൊള്ളാര്‍ഡില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഓള്‍റൗണ്ടര്‍ പ്രകടനം ലഭിക്കാത്തതും മുംബൈയെ നിരാശരാക്കുന്നു.