ആ പന്ത് ഒരിഞ്ച് മാറിയിരുന്നേൽ മത്സരത്തിൻ്റെ വിധി മറ്റൊന്നായേനെ: സംഭവിച്ചത് എന്തെന്ന് ധോനി

Webdunia
വ്യാഴം, 13 ഏപ്രില്‍ 2023 (12:37 IST)
ഐപിഎൽ പതിനാറാം സീസണിൽ ഏറെ ആവേശകരമായ മത്സരമായിരുന്നു രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്നത്. അവസാന ഓവർ ത്രില്ലറിലേക്ക് പോയ മത്സരത്തിൽ വമ്പൻ അടികളുമായി നായകൻ മഹേന്ദ്രസിംഗ് ധോനിയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയെ മത്സരത്തിൽ തിരികെയെത്തിച്ചത്. അവസാന ഓവറിൽ 20 റൺസ് വേണ്ടിയിരുന്നപ്പോഴും ഒരറ്റത്ത് ധോനി നിൽക്കുമ്പോൾ ആരാധകർ ചെന്നൈ വിജയം പ്രതീക്ഷിച്ചിരുന്നു.
 
ആദ്യ രണ്ട് ബോളുകളും വൈഡ് എറിഞ്ഞ താരത്തിൻ്റെ ആദ്യ ബോളിൽ റൺസെടുക്കാൻ ധോനിക്ക് സാധിച്ചില്ല. എന്നാൽ അടുത്ത 2 ബോളുകളിൽ സിക്സർ നേടികൊണ്ട് ധോനി ചെന്നൈ പ്രതീക്ഷകൾ ഉയർത്തി. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ ജഡേജ വീണ്ടും സിംഗിൾ നൽകുമ്പോൾ മത്സരത്തിൽ ചെന്നൈയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത് ഒരു ബോളിൽ അഞ്ച് റൺസാണ്. ധോനി ക്രീസിൽ നിൽക്കുമ്പോൾ ചെന്നൈയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും സന്ദീപ് എറിഞ്ഞ യോർക്കർ ലെംഗ്തിലുള്ള ആറാം ബോളിൽ സിംഗിൾ നേടാൻ മാത്രമെ ധോനിക്കായുള്ളു. ഇതിനെ പറ്റി മത്സരശേഷം താരം മനസ് തുറന്നു.
 
ഞാൻ ആ ബോളിന് വേണ്ടി കാത്തിരിക്കുക മാത്രമാണ് ചെയ്തത്. ബോളർക്കായിരിക്കും എന്നേക്കാൾ സമ്മർദ്ദമുണ്ടാവുക എന്നത് എനിക്കറിയാമായിരുന്നു. സന്ദീപിന് കുറച്ച് ഇഞ്ചുകൾ മിസ്സായിരുന്നെങ്കിൽ പോലും ഞാൻ സിക്സടിക്കുമായിരുന്നു. എന്നാൽ മികച്ച രീതിയിൽ പിഴവ് വരുത്താതെ സന്ദീപ് പന്തെറിഞ്ഞു. നിങ്ങൾ എപ്പോഴും നിങ്ങളുടെ കരുത്തിൽ വിശ്വസിക്കണം. നേരെ അടിക്കുക എന്നത് എൻ്റെ കരുത്താണ്. ധോനി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article