ചഹല്‍ കൈവിട്ടത് ഐപിഎല്‍ കപ്പ് തന്നെ ! നിരാശയോടെ ആരാധകര്‍

തിങ്കള്‍, 30 മെയ് 2022 (11:03 IST)
ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം യുസ്വേന്ദ്ര ചഹല്‍ കൈവിട്ട ക്യാച്ചില്‍ നിരാശരായി ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ചാണ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ചഹല്‍ കൈവിട്ടത്. ചെറിയ സ്‌കോര്‍ പിന്തുടരുകയായിരുന്ന ഗുജറാത്തിനെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുന്ന അവസരമായിരുന്നു അത്. ചഹല്‍ കൈവിട്ട ക്യാച്ച് രാജസ്ഥാന്റെ തോല്‍വിയില്‍ നിര്‍ണായകമായെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
രണ്ടാം ഇന്നിങ്‌സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ട്രെന്റ് ബോള്‍ട്ടാണ് പന്തെറിഞ്ഞിരുന്നത്. ബോള്‍ട്ട് എറിഞ്ഞ ഗുഡ് ലെങ്ത് ബോള്‍ ബൗണ്‍സ് ചെയ്തിരുന്നു. ഇന്‍സൈഡ് എഡ്ജ് എടുത്ത് പന്ത് നേരെ ഷോര്‍ട്ട് സ്‌ക്വയര്‍-ലെഗില്‍ ഫീല്‍ഡ് ചെയ്യുന്ന ചഹലിന്റെ അടുത്തേക്ക്. അത്ര പ്രയാസകരമല്ലാത്ത ക്യാച്ച് ചഹല്‍ നഷ്ടപ്പെടുത്തുകയായിരുന്നു. ആ സമയത്ത് റണ്‍സൊന്നും എടുക്കാതെ നില്‍ക്കുകയായിരുന്നു ഗില്‍. ഒടുവില്‍ 43 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗില്‍ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. ഗില്ലിന്റെ വിക്കറ്റ് പോയിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതി മാറുമായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. 

Watch Video Here
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍