ഹര്‍ഭജന്‍റെ കോപം; ഇന്ത്യന്‍സിനു തീ

Webdunia
PTIPTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍റെ ചൂടിനു തീ വില നല്‍കേണ്ടി വരുന്നത് മുംബൈ ഇന്ത്യന്‍സിനാണ്. പഞ്ചാബ് കിംഗ്‌സുമായുള്ള മത്സരത്തിനു ശേഷം ഹസ്തദാനം നല്‍കിയപ്പോള്‍ എതിര്‍ ടീം അംഗം ശ്രീശാന്തിനെ തല്ലിയതിനു ഹര്‍ഭജന്‍ സിംഗിനെ 11 കളികളില്‍ നിന്നും ഐ പി എല്‍ ഭരണ സമിതി വിലക്ക് ഏര്‍പ്പെടുത്തി.

ഇതുവരെ ഒരു മത്സരത്തില്‍ പോലും വിജയം കണ്ടെത്താന്‍ കഴിയാത്ത മുംബൈ ഇന്ത്യന്‍സിനു കനത്ത നഷ്ടമാകുകയാണ് ഹര്‍ഭജന്‍റെ അഭാവം. കനത്ത സാമ്പത്തിക നഷ്ടത്തിനു പുറമേ ഇതുവരെ ഒരു മത്സരത്തില്‍ പോലും ഐക്കണ്‍ പ്ലെയര്‍ സച്ചിന്‍ കളിച്ചിട്ടുമില്ല. ടീമിന്‍റെ ദയനീയ അവസ്ഥ ഓരോ മത്സരം കഴിയുന്തോറും കൂടുതല്‍ ദയനീയമാകുകയാണ്.

ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ തുക ഒഴുക്കിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. 3.9 കോടി രൂപ കൊടുത്ത് ജയസൂര്യയെയും 3.2 കോടി കൊടുത്തു റോബിന്‍ ഉത്തപ്പയെയും 2.2 കോടി മുടക്കി പൊള്ളോക്കിനെയും1.4 കോടി മുടക്കി ലസിത് മലിംഗയേയും 60 ലക്ഷം മുടക്കി ദില്‍ഹാരോ ഫെര്‍ണാണ്ടോയെയും അവര്‍ ടീമില്‍ എത്തിച്ചത്.

ഹര്‍ഭജന്‍ സിംഗിനും ശിക്ഷ കനത്ത തിരിച്ചടിയാണ്. 11 മത്സരങ്ങള്‍ നഷ്ടമാകുന്ന ഹര്‍ഭജന് ഏകദേശം 2.67 കോടി രൂപയുടെ എങ്കിലും നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. അതായത് ആദ്യ രണ്ട് മത്സരങ്ങളിലേത് ഒഴിച്ചാല്‍ ബാക്കിയുള്ള കലീയുടെ മുഴുവന്‍ തുക നകേണ്ടിവരും. അതിനു പുറമേ ഇനി ഭൂരിഭാഗം മത്സരങ്ങളിലും ഹര്‍ഭജന് കാഴ്ചക്കാരന്‍റെ വേഷമാകും. ഹര്‍ഭജനെ തടയാത്തതിന്‍റെ പേരില്‍ പരിശീലകന്‍ രജപുത്തിനും പകുതി തുക നഷ്ടമായി.

വെള്ളിയാഴ്ച കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിനു ശേഷം ഹസ്തദാനം നടത്തുമ്പോഴായിരുന്നു ഹര്‍ഭജന്‍ ശ്രീയെ അടിച്ചത്. ശ്രീശാന്ത് ഹര്‍ഭജനെ പ്രകോപിപ്പിച്ചില്ലെന്ന് മാച്ച് റഫറി കണ്ടെത്തി. മാച്ച്റഫറി ഫാറൂഖ് എഞ്ചിനീയറിന്‍റെ മുന്നില്‍ തന്‍റെ ഭാഗത്ത് പിഴവ് വന്നതായി ഹര്‍ഭജനും സമ്മതിച്ചു. സഹകളിക്കാരെയും പരിശീലകരെയും ഉപദ്രവിക്കുന്നതിന് എതിരെയുള്ള 4.2 എന്ന പെരുമാറ്റ ചട്ടം ഹര്‍ഭജന്‍ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.

താന്‍ ഹര്‍ഭജനെ ജേഷ്ഠനെ പോലെയാണ് കാണുന്നതെന്നും പരാതിയില്ലെന്നും ശ്രീ പറഞ്ഞെങ്കിലും ശ്രീയുടെ ടീമായ പഞ്ചാബ് കിംഗ്‌സ് ഇലവന്‍റെ ചീഫ് എക്‍സിക്യുട്ടീവ് ഓഫീസര്‍ നീല്‍ മാക്‍സ് വെല്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുക ആയിരുന്നു. ഹര്‍ഭജന്‍, ശ്രീശാന്ത്, രജപുത്, ടീം മാനേജര്‍മാര്‍ എന്നിവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തു.