തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം മുംബൈ ഇന്ത്യന്‍സ് ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം അഞ്ചാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് മുംബൈ ടീം പരാജയപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ ഏഴ് വിക്കറ്റിനായിരുന്നു മുംബൈ ടീം വിജയം നേടിയത്.
ആദ്യം ബാറ്റുചെയ്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത ബാറ്റിംഗ് പരാജയം ഉണ്ടായപ്പോള്‍ 137 റണ്‍സിന് ഇന്നിംഗ്‌സ് അവസാനിച്ചു. മറുപടി ബാറ്റിംഗില്‍ ശ്രദ്ധയോടെ നീങ്ങിയ വിന്‍ഡീസ് താരം ഡ്വയ്‌ന്‍ ബ്രാവോയും റോബിന്‍ ഉത്തപ്പയുമായിരുന്നു മുംബൈ ടീമിനു വിജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 113 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി.
കളിയിലെ കേമനായ ഡ്വയിന്‍ ബ്രാവോ 53 പന്തില്‍ പുറത്താവാതെ 64 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ പുറത്താകാതെ 37റണ്‍സും കണ്ടെത്തി. 25 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായ സ്ഥിതിയില്‍ നിന്നായിരുന്നു മുംബൈ ടീം ഗംഭീരമായി തിരിച്ചു വന്നത്. മികച്ച കളി പുറത്തെടുത്ത ശ്രീലങ്കന്‍ താരം ജയസൂര്യയുടെ പ്രകടനം ഏറെ നിര്‍ണ്ണായകമായി.
മൂന്ന് വിക്കറ്റുകളും രണ്ട് ക്യാച്ചുകളും ഒരു റണ്ണൌട്ടുമായിരുന്നു ജയസൂര്യയുടെ സംഭാവന. ഷോണ്‍ പോളോക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ലക്ഷ്മി രത്തന്‍ ശുക്ല പുറത്താവാതെ നേടിയ 40 റണ്‍സാണ് കൊല്‍ക്കത്തയുടെ മുഖം രക്ഷിച്ചത്. ദേവബ്രത ദാസ്(29), റിക്കി പോണ്ടിങ്(19), ഡേവിഡ് ഹസി(17) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
തുടക്കത്തില്‍ തന്നെ മൂന്നാം പന്തില്‍ നായകന്‍ സൗരവ് ഗാംഗുലിയെയും(4) അഞ്ചാം പന്തില്‍, ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമയായ ന്യൂസീലന്‍ഡുകാരന്‍ ബ്രെണ്ടന്‍ മെക്കല്ലത്തെയും(1) വീഴ്ത്തിയാണ് പോളോക്ക് ആതിഥേയരെ വിറപ്പിച്ചത്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്കായില്ല.