പാക് താരങ്ങള്‍ നഷ്ടപരിഹാരം തേടുന്നു

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2009 (18:09 IST)
ഐപി‌എല്ലില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് താരങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ പരാതി അയച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കാണ് പരാതി അയച്ചിരിക്കുന്നത്. ഒരു ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാഷ്ടീയ കരണങ്ങളാലാണ് താരങ്ങളെ വിലക്കിയതെന്നും ഇത് അനാവശ്യമായ നടപടിയായിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. ഐപി‌എല്‍ സംഘാടകര്‍ വിലക്കുകയായിരുന്നെങ്കില്‍ അവരില്‍ നിന്ന് വന്‍ തുക നഷ്ട പരിഹാ‍രം ആവശ്യപ്പെടാമായിരുന്നെന്നും എന്നാല്‍ പാകിസ്ഥാന്‍ ആദ്യം വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇതിനുള്ള അവസരവും നഷ്ടപ്പെട്ടതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പേരു വെളിപ്പെടുത്താത്ത പാകിസ്ഥാന്‍ കളിക്കാരനെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശമനുസരിച്ചാണ് പാക് സര്‍ക്കാര്‍ കളിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.