ഐപി‌എല്‍ സുരക്ഷിതമല്ല: ഓറം

ഞായര്‍, 5 ഏപ്രില്‍ 2009 (13:05 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് സുരക്ഷിതമല്ലെന്ന് ന്യൂസിലാന്‍ഡ് ഓള്‍‌റൌണ്ടര്‍ ജേക്കബ് ഓറം ചൂണ്ടിക്കാട്ടി. ലാഹോര്‍ ആക്രമണവും നവംബറിലെ മുംബൈ ആക്രമണവും ചേര്‍ത്തുവായിക്കുമ്പോള്‍ ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും ഓറം പറഞ്ഞു.

മുബൈ ആക്രമണത്തിന് മുമ്പ് തനിക്ക് ഇന്ത്യയിലേക്ക് വരാ‍ന്‍ യാതൊരു മടിയും ഉണ്ടായിരുന്നില്ല. എന്നാ‍ല്‍ ഇപ്പോള്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ക്രിക്കറ്റ് തനിക്ക് ജീവിതത്തേക്കാള്‍ പ്രധാനപ്പെട്ടതല്ലെന്നും ഓറം കൂട്ടിച്ചേര്‍ത്തു.

പണമാണ് ഐപി‌എല്ലിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റ് കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല അദ്ദേഹം പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് ഓറം ഐപി‌എല്ലില്‍ പങ്കെടുക്കുക. ഏപ്രില്‍ പത്തിനാണ് ഐപി‌എല്‍ ആരംഭിക്കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശതാരങ്ങള്‍ ഇതേ ആശങ്കയുയര്‍ത്താന്‍ സാധ്യതയുണ്ട്. ടൂര്‍ണ്ണമെന്‍റിന്‍റെ സുരക്ഷ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ഐപി‌എല്‍ സംഘാടകരും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കവും കളിക്കാര്‍ വിലയിരുത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക