ഇന്ത്യന്‍സിനു കഴിവ് തെളിയിക്കണം

PTIPTI
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കാര്യങ്ങളൊന്നും ശരിയാകാത്ത ഏക ടീം മുംബൈ ഇന്ത്യന്‍സാണ്. നായകന്‍ സച്ചിന്‍ പരുക്കു മൂലം ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്നപ്പോള്‍ തുടര്‍ച്ചയായി നാല് പരാജയങ്ങളാണ് അവരെ തേടിയെത്തിയത്. അതിനു പിന്നാലെ താല്‍ക്കാലിക നായകന്‍ ഹര്‍ഭജന്‍ സിംഗിന് 11 കളികളില്‍ വിലക്കും ലഭിച്ചു.

ഷോണ്‍ പൊള്ളോക്കിനെയും ജയസൂര്യയേയും പോലുള്ള കിടയറ്റ ഓള്‍ റൌണ്ടര്‍മാരും അഭിഷേക് നായരെ പോലെയുള്ള മിടുക്കന്‍‌മാരായ കൌമാര താരങ്ങളും നിരയില്‍ ഉണ്ടായിട്ടും വിജയം സാധ്യമാകുന്നില്ല. അഞ്ചാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സിനെതിരെ ചൊവ്വാഴ്ച രാത്രിയില്‍ കളിക്കുന്ന അവര്‍ക്ക് കളങ്കം മുഴുവന്‍ കഴുകി കളയാന്‍ ഒരു വിജയം അനിവാര്യമാണ്. ഈഡന്‍‌സ് ഗാര്‍ഡനിലാണ് മത്സരം.

എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ലീഗിലെ ഏറ്റവും പണച്ചിലവ് നടത്തിയ ഫ്രാഞ്ചൈസിയാണ് മുംബൈ. പഞ്ചാബ് കിംഗ്‌സിന്‍റെ ശ്രീശാന്തിനെ തല്ലിയതിന്‍റെ പേരില്‍ 11 കളികള്‍ നഷ്ടമാകുന്ന ഹര്‍ഭജനു പകരം ടീമിനെ നയിക്കാന്‍ സൂപ്പര്‍ താരം സച്ചിന്‍ തന്നെ കളത്തില്‍ ഇറങ്ങാനാണ് സാധ്യത. സച്ചിന്‍ എത്തുന്നതോടെ ബാറ്റിംഗിലെ പ്രശ്‌നം പരിഹരിക്കപ്പെടും എന്നതാണ് പ്രതീക്ഷ. യുവ താരങ്ങളായ അഭിഷേക് നായരും റൊബിന്‍ ഉത്തപ്പയും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരും അര്‍ദ്ധ ശതകം പോലും ടീമിനായി കണ്ടെത്തിയിട്ടില്ല.

ബൌളിംഗ് ഇനിയും മെച്ചപ്പെടണമെന്നതാണ് വസ്തുത. ബൌളിംഗ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗ് കളിച്ചേക്കാനിടയുണ്ട്. മറുവശത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ് പരാജയപ്പെട്ട ഏക മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായിട്ടുള്ളത് മാത്രമാണ്. ടീനേജ് താരം ഇക്ബാല്‍ അബ്ദുള്ളയ്‌ക്ക് പകരം കഴിഞ്ഞയാഴ്ച ടീമിനൊപ്പം ചേര്‍ന്ന ഉമര്‍ ഗുല്‍ ഇന്നത്തെ മത്സരം കളിക്കാന്‍ സാധ്യതയുണ്ടെന്ന് പരിശീലകന്‍ ബുക്കാനന്‍ പറയുന്നു.

കിവീസ് താരം ബ്രെന്‍ഡന്‍ മക്കലം, ഓസ്ട്രേലിയന്‍ താരം ഡെവിഡ് ഹസി, ലക്‍ഷ്മി രത്തന്‍ ശുക്ല, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. ബാറ്റിംഗില്‍ ഇതുവരെ താളം കണ്ടെത്താന്‍ കഴിയാത്ത റിക്കി പോണ്ടിംഗും സൌരവ് ഗാംഗുലിയും വൃത്തിയായി ബാറ്റിംഗ് ചെയ്യാന്‍ ആരംഭിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ് കൂറ്റന്‍ സ്കോറിലേക്കാകും ഉയരുക.

വെബ്ദുനിയ വായിക്കുക