അവസാന നിമിഷം രാജസ്ഥാന്‍ ജയം തട്ടിയെടുത്തു; മുംബൈയുടെ തോല്‍‌വിയില്‍ വന്‍ നാടകീയത

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (07:41 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു മൂന്നു വിക്കറ്റ് ജയം. വാലറ്റത്തിന്റെ പോരാട്ട മികവിലാണ് രാജസ്ഥാന്‍ ജയം സ്വന്തമാക്കിയത്. സ്‌കോര്‍ - മുംബൈ ഇന്ത്യന്‍സ്: 20 ഓവറില്‍ ഏഴ് വിക്കറ്റിന് 167. രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ്.

11 പന്തില്‍ 33 റൺസെടുത്ത് കൃഷ്ണപ്പ ഗൗതമാണ് മൽസരത്തിലെ വിജയശിൽപി.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷാനിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് 167 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി ബെന്‍‌ സ്‌റ്റോക്‍സ് (40), സഞ്ജു സാംസണ് (52) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് തിരിച്ചടിയായി.

മുംബൈ ജയിക്കുമെന്ന് തോന്നിച്ച നിമിഷം കൃഷ്ണപ്പ ഗൗതം നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. ജയം ഉറപ്പിച്ചുള്ള ആഘോഷങ്ങള്‍ മുംബൈ ക്യാമ്പില്‍ ആരംഭിച്ചതിന് പിന്നാലെയാണ് രഹാനയുടെ കുട്ടികള്‍ വിജയം തിരിച്ചു പിടിച്ചത്.  

14 ഓവറില്‍ ഒന്നിന്‌ 130 റണ്‍സ്‌ എന്ന നിലയില്‍ നിന്നാണ്‌ മുംബൈ കൂപ്പുകുത്തിയത്‌. ഓപ്പണര്‍ എവിന്‍ ലൂയിസിനെ (0) നഷ്‌ടമായെങ്കിലും സൂര്യകുമാര്‍ (72) - ഇഷാന്‍ (58) സഖ്യം രണ്ടാം വിക്കറ്റില്‍ 130 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌.

എന്നാല്‍ ഒരോവറിന്റെ ഇടവേളയില്‍ ഇരുവരും പുറത്തായതോടെ മുംബൈയുടെ താളം പിഴച്ചു. നായകന്‍ രോഹിത്‌ ശര്‍മ(0), ക്രുണാല്‍ പാണ്ഡ്യ(7), ഹര്‍ദ്ദിക്‌ പാണ്ഡ്യ(4), മിച്ചല്‍ മക്‌ഗ്ലെനഗന്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 21 പന്തില്‍ നിന്ന്‌ 20 റണ്‍സുമായി കീറോണ്‍ പൊള്ളാര്‍ഡ്‌ പുറത്താകാതെ നിന്നു.

മറ്റൊരു മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് നാലു റൺസ് ജയം സ്വന്തമാക്കി. ചെന്നൈ ഉയർത്തിയ 182 റൺസ് പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് ആറു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളു.

അനുബന്ധ വാര്‍ത്തകള്‍

Next Article