മഹേന്ദ്ര സിംഗ് ധോണിയെന്ന മഹാനായകന്റെ പതനമാണോ എപ്പോള്‍ കാണുന്നതെന്ന ചോദ്യമാണിപ്പോള്‍ ക്രിക്കറ്റ് ലോകത്തു നിന്നുമുയരുന്നത്. ട്വന്റി-20ക്ക് പറ്റിയ താരമല്ല ധോണിയെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് ചൂട് പകരുന്നതെങ്കില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കഴിഞ്ഞ ദിവസം ധോണി പരാജയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ വേദനിപ്പിച്ചത്.
സുരേഷ് റെയ്‌ന നയിക്കുന്ന ഗുജറാത്തിനെതിരെയാണ് ധോണി അവസാനമായി പരാജയപ്പെട്ടത്. എട്ട് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ധോണി കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. വിലപ്പെട്ട ഈ വിക്കറ്റ് സ്വന്തമാക്കിയത് ധോണിയുടെ അടുത്ത കൂട്ടുകാരന്‍ കൂടിയായ രവീന്ദ്ര ജഡേജയുമാണ്.
ഗുജറത്ത് ടീമിന് ഏറെ പ്രത്യേകതകളുണ്ട്. ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ പ്രധാന താരങ്ങളില്‍ ഒരാളും ധോണിയുടെ വലം കൈയുമായിരുന്നു റെയ്‌ന നയിക്കുന്ന ടീമാണ് ഗുജറാത്ത്. ചെന്നൈ ടീമില്‍ ധോണിയുടെ തണലില്‍ വളര്‍ന്ന ജഡേജ ഇപ്പോള്‍ ഗുജറാത്തിന്റെ സ്‌പിന്നറാണ്.
ഐപിഎല്ലില്‍ ചെന്നൈയ്‌ക്ക് വന്‍ ചരിത്രമാണുള്ളത്. ആറ് തവണ ഫൈനലില്‍ കളിച്ച ഏക ടീം. ചെന്നൈ ടീമിലെ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ പരിഗണ നല്‍കുന്നുവെന്ന ആരോപണത്തിനിടെയും ധോണി റെയ്‌നയേയും ജഡേജയേയും സംരക്ഷിച്ചു നിര്‍ത്തി. മോശം ഫോം തുടരുമ്പോഴും ഇരുവര്‍ക്കും ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനമുണ്ടായിരുന്നതാണ് ആരോപണങ്ങള്‍ക്ക് കാരണം.
ധോണിയുടെ തണലില്‍ നിന്ന് കളി പഠിച്ച റെയ്‌നയും ജഡേജയും ഇപ്പോള്‍ സൂപ്പര്‍ താരങ്ങളായി മാറിയപ്പോള്‍ ധോണി തിരിച്ചടികള്‍ നേരിടുകയാണ്. പൂനെ ടീമില്‍ മോശം ഫോം തുടരുന്ന അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ശക്തമാണ്. പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായി അദ്ദേഹം ഒതുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകളും ധോണിക്ക് മുമ്പില്‍ അടയുന്ന സാഹചര്യമാണുള്ളത്.
ഐപിഎല്ലില്‍ നാല് മത്സരങ്ങളില്‍ 11 ശരാശരിയില്‍ നിന്ന് 33 റണ്‍സ് മാത്രമാണ് ധോണി നേടിയത്. ഇതാണ് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണം.